ഹാങ്ചോ: ഏഷ്യൻ ഗെയിംസ് പുരുഷ ലോങ് ജംപില്‍ മെഡലിനായി ഇന്ത്യ കാത്തിരുന്നത് 44 വര്‍ഷം. 1978ല്‍ മലയാളി ഒളിമ്ബ്യൻ സുരേഷ് ബാബു സ്വര്‍ണം നേടിയ ശേഷം രാജ്യം പോഡിയത്തില്‍ കയറിയിട്ടില്ല. മറ്റൊരു മലയാളി പാലക്കാട്ടുകാരൻ എം. ശ്രീശങ്കര്‍ ആ കാത്തിരിപ്പിന് വിരാമമിട്ടു.വെള്ളി മെഡല്‍ നേടാൻ ശ്രീ ചാടിയത് 8.19 മീറ്ററാണ്. ചൈനയുടെ വാങ് ജിയാനൻ (8.22) സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ദേശീയ റെക്കോഡുകാരൻ ജെസ്വിൻ ആല്ഡ്രിൻ (7.76) എട്ടാം സ്ഥാനത്തായി. ഫൗളോടെയായിരുന്നു ശ്രീശങ്കറിന്റെ തുടക്കം. രണ്ടാം ശ്രമത്തില്‍ 7.87. തുടര്‍ന്ന് 8.01ലേക്ക് ഉയര്‍ന്ന താരം നാലാം ശ്രമത്തില്‍ 8.19 മീറ്റര്‍ ചാടി മെഡലുറപ്പിച്ചു. അവസാന ചാട്ടം എട്ട് മീറ്ററായതോടെ സ്വര്‍ണമെന്ന സ്വപ്നം അവസാനിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ശ്രീശങ്കറിന് ഇത്തവണ ലോക ചാമ്ബ്യൻഷിപ് ഫൈനലിലേക്ക് യോഗ്യത നേടാനായിരുന്നില്ല.