രാജ്യാന്തര ഗോള്‍ നേട്ടത്തില്‍ ലോക റെക്കോര്‍ഡ് കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലന്റിനെതിരെ ഇരട്ട ഗോളുകള്‍ നേടിയതോടെ ഇറാന് താരം അലി ദെയിയെ പിന്നിലാക്കി. റൊണാള്‍ഡോയുടെ രാജ്യാന്തര ഗോള്‍ നേട്ടം 111 ആയി. മത്സരത്തില്‍ 1-0 ന് പിന്നില്‍ നിന്ന പോര്‍ച്ചുഗല്‍ അവസാന എട്ട് മിനിറ്റിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളുകളില്‍ 2-1 ന് വിജയിച്ചു. 89- ആം മിനിറ്റിലും ഇഞ്ചുറി ടൈമിലും ആയിരുന്നു ചരിത്ര ഗോളുകള്‍. ജയത്തോടെ ഗ്രൂപ്പില്‍ പോര്‍ച്ചുഗല്‍ ഒന്നാമതെത്തി. മത്സരത്തിന്റെ തുടക്കത്തില്‍ ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ നഷ്ടപെടുത്തിയിരുന്നു.
180 മത്സരങ്ങളില്‍ നിന്നായി 111 ഗോളുകളാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി നേടിയത്. ഇറാന്റെ അലി ദേയിയുടെ 109 ഗോള്‍ എന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ മാറി കടന്നിരിക്കുന്നത്. അതോടൊപ്പം ഈ മത്സരത്തോടെ ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച യൂറോപ്യന്‍ താരമെന്ന സെര്‍ജിയോ റാമോസിന്റെ ഒപ്പമെത്താനും ഇതോടെ റൊണാള്‍ഡോയ്ക്കായി. 2003-ല്‍ തന്റെ 18-ാം വയസ്സില്‍ ഖസാക്കിസ്താനെതിരെ പോര്‍ച്ചുഗലിനായാണ് റൊണാള്‍ഡോ അന്താരാഷ്ട്ര മത്സരങ്ങളില്‍ അരങ്ങേറ്റം കുറിക്കുന്നത്.
അതേസമയം, അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചു പോര്‍ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്നെ താനാക്കി മാറ്റിയ ക്ലബിലേക്ക് തന്നെ അദ്ദേഹം മടങ്ങി എത്തിയിരിക്കുന്നു. ഇറ്റലിയില്‍ നിന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് റൊണാള്‍ഡോ എത്തുന്നുവെന്ന് യുണൈറ്റഡ് ഔദ്യോഗികമായി അറിയിച്ചു.