തിരുവനന്തപുരം: പാഠ പുസ്തക അച്ചടിയില്‍ ചരിത്രത്തിന്റെ കയ്യടിനേടി പിണറായി സര്‍ക്കാര്‍. ഇക്കുറി പുസ്തകത്തിനായി കുരുന്നുകള്‍ ഓണം വരെയും പിന്നെ ക്രിസ്തുമസ് വരെയുമൊന്നും കാക്കണ്ട. പാഠപുസ്തകം എത്താത്തതിനാല്‍ ഇനി വിദ്യാര്‍ത്ഥി സംഘടനകള്‍ തെരുവിലിറങ്ങുകയും വേണ്ട. ചരിത്രത്തിലാദ്യമായി പാഠപുസ്തക വിതരണം വിദ്യാഭ്യാസ വര്‍ഷം തുടങ്ങുന്നതിന് മുന്നേ പൂര്‍ത്തിയാക്കിയാണ് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഒരുപോലെ മുന്നേറുന്നത്.സംസ്ഥാനത്ത് ആദ്യമായാണ് കേരള ബുക്ക്സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി ഇത്രയും നേരത്തെ പാഠപുസ്തകം അച്ചടിച്ച് വിതരണം പൂര്‍ത്തിയാക്കുന്നത്.
ചരിത്ര വഴി ഇങ്ങനെ
മുഖ്യമന്ത്രി പിണറായി വിജയന്റെയും വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന്റെയും കര്‍ശന ഇടപെടലോടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എംവി ജയരാജനാണ്് പുസ്തകങ്ങളുടെ അച്ചടിയും വിതരണവും നേരിട്ട് നിയന്ത്രിച്ചിരുന്നത്. കെബിപിഎസിന്റെ സിഎംഡികൂടിയായ എറണാകുളം സെന്‍ട്രല്‍ റേഞ്ച് വിജിലന്‍സ് എസ്പി കെ കാര്‍ത്തിക് ഐപിഎസിന്റെ നേതൃത്വത്തിലാണ് പാഠപുസ്തക അച്ചടിയും വിതരണവും നേരത്തെ പൂര്‍ത്തിയാക്കിയത്. മുഖ്യ മന്ത്രിയുടെ പ്രത്യേക ഇടപെടലില്‍ 2017 നവംബറിലാണ് കാര്‍ത്തിക് കെ.പി.ബി.എസില്‍ ചുമതലയേല്‍ക്കുന്നത്.കാര്‍ത്തിക് ആണ് പുതിയ ക്രമീകരണങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയത്.സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളില്‍ എല്ലാസര്‍ക്കാരും പരാജയപ്പെട്ടിടത്താണ് അധ്യാപകന്‍കൂടിയായിരുന്ന മന്ത്രി രവീന്ദ്രനാഥിനും വിദ്യാഭ്യാസ വകുപ്പിനും പൊന്‍ തൂവലായ് പുസ്തക അച്ചടിയും വിതരണവും വേഗത്തിലാക്കാന്‍ കഴിഞ്ഞത്.
പാഠ പുസ്തകങ്ങള്‍ വേണ്ടത് 2,770,8982 വിതരണം ചെയ്തത് 2,429,9169
പൂര്‍ത്തിയാക്കാനുള്ളത് 34,09813 മാത്രം
സംസ്ഥാനത്തെ 3311 സൊസൈറ്റികളിലേക്ക് വേണ്ട പാഠപുസ്തകത്തിന്റെ 88 ശതമാനമാണ് ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു.സൊസൈറ്റികളില്‍ മൂവായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി അഞ്ചിടങ്ങളിലും പാഠപുസ്തകമെത്തിച്ചാണ് സര്‍ക്കാര്‍ ചരിത്രനേട്ടത്തിലേക്ക് നടന്നു കയറിയത്. രണ്ട് കോടി എഴുപത്തിയേഴ് ലക്ഷത്തി എണ്ണായിരത്തി തൊള്ളായിരത്തി എന്പത്തി രണ്ട് പാഠപുതസ്തകങ്ങളാണ് പുതിയ അധ്യാന വര്‍ഷം വേണ്ടിവരിക. ഇതില്‍ രണ്ട് കോടി നാല്പത്തി രണ്ട് ലക്ഷത്തി തൊണ്ണൂറ്റിയൊമ്പതിനായിരത്തി നൂറ്റി അറുപത്തി ഒമ്പത് പാഠപുസ്തകങ്ങളാണ് വിദ്യാഭ്യാസ വര്‍ഷം തുടങ്ങുന്നതിന് മുന്നേ വിതരണം ചെയ്തത്.ഇനി മുപ്പത്തി നാല് ലക്ഷത്തി ഒമ്പതിനായിരത്തി എണ്ണൂറ്റി പതിമൂന്ന് പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യാനുള്ളത്.
മൂന്ന് വോളിയങ്ങളായാണ് അച്ചടി നടക്കുന്നത്.
ആദ്യ വോളിയം മൂന്ന് കോടി ഏഴ് ലക്ഷത്തി തൊണ്ണൂറ്റി ഒമ്പതിനായിരമാണ്. ഇത് ഈ മാസം 12 നാണ് അച്ചടി പൂര്‍ത്തീകരിച്ചത്. രണ്ടാമത്തെ വോളിയത്തിന്റെ അച്ചടി 19 നാണ് ആരംഭിച്ചത്. ഒരു കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി എഴുന്നൂറ് പുസ്തകങ്ങളാണ് നിലവില്‍ അച്ചടി നടക്കുന്നത്. മൂന്നാമത്തെ വോളിയത്തിന്റെ അച്ചടി ജൂണ്‍ ആദ്യവാരമാണ് ആരംഭിക്കുക.
അറുപത്തി ഒമ്പത് ലക്ഷത്തി മുപ്പതി ഒമ്പതിനായിരത്തി മുന്നൂറ് പുസ്തകങ്ങളാണ് മൂന്നാം വോളിയത്തില്‍ അച്ചടിയ്ക്കുക.വോളിയം ഒന്നിന്റെ അച്ചടിയോടെ, 96 ശതമാനം എയ്ഡഡ് സ്കൂളുകളിലേയും വിതരണം പൂര്‍ത്തിയായി. കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഏയിഡഡ് സ്കൂളുകളില്‍ 100 ശതമാനവും പുസ്തക വിതരണം പൂര്‍ത്തിയായി എന്നതാണ് ഏറ്റവും വലിയ നേട്ടം. വോളിയം ഒന്നിന്റെ വിതരണം പൂര്‍ത്തിയാക്കേണ്ട അവസാന തിയതി ഏപ്രില്‍ 15 ആയിരുന്നു. പ്രിന്റിംങ് കേന്ദ്രങ്ങളില്‍ നിന്നുള്ള പുസ്തകങ്ങള്‍, ജില്ലാ ഹബുകള്‍ വഴിയാണ് 3311 സൊസൈറ്റികളിലേക്ക് കൈമാറുന്നത്. ഏകദേശം അഞ്ച് സ്കൂളുകള്‍ ചേരുന്നതാണ് ഒരു സൊസൈറ്റി.
കൂടുതല്‍ എറണാകുളത്ത് കുറവ് ഇടുക്കിയില്‍
എറണാകുളം ജില്ലയിലാണ് കേരളത്തില്‍ ഏറ്റവുമധികം വിതരണം നടത്തുന്ന സൊസൈറ്റികള്‍ ഉള്ളത്. കുറവ് ഇടുക്കി ജില്ലയിലും. ഏറ്റവും കൂടുതല്‍ പാഠപുസ്തകം ഓഡര്‍ ചെയ്തത് മലപ്പുറം ജില്ലയില്‍ നിന്നാണ് നാല്‍പ്പത്തി ഒമ്പത് ലക്ഷത്തി ഇരുപത്തിയാറായിരത്തി എഴൂന്നൂറ്റി മുപ്പത്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലേക്കും.ഏഴ് ലക്ഷത്തി ഇരുപത്തിയെട്ടായിരത്തി എണ്ണൂറ്റി പതിനാറ്. വയനാട്, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം വിതരണം പൂര്‍ത്തീകരിച്ചത്. 95 ശതമാനത്തിലധികം.