റോത്തക്ക്: നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടുകൂടിയുള്ള യാത്ര, ഇസഡ് കാറ്റഗറി സുരക്ഷ, ലക്ഷക്കണക്കിന് അനുയായികള്‍ ആഡംബരപൂര്‍ണമായിരുന്നു ദേരാ സച്ഛാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ജീവിതം. ആത്മീയ ഗുരു, ഗായകന്, സംരംഭകന്, 3 മക്കളുള്ള കുടുംബസ്ഥന് ബലാംത്സഗക്കുറ്റത്തിന് ജയിലഴികള്ക്കുള്ളിലാകുന്നതുവരെ ഇങ്ങനെയൊക്കെയായിരുന്നു ഈ റോക്ക് സ്റ്റാര്‍ സ്വാമിയുടെ ജീവിതം.

അനുയായിയായ സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കുറ്റക്കാരനാണെന്ന് വിധിച്ചിട്ടും അനുയായികള്‍ ഗുര്‍മീതിനെ അവിശ്വസിച്ചില്ല. വിധിയെതിരായപ്പോള്‍ അനുയായികള്‍ അക്രമം അഴിച്ചുവിട്ടു. കലാപത്തില്‍ 32 പേര് കൊല്ലപ്പെടുകയും ആയിരത്തില്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ആളും ആരവവുമായി കഴിഞ്ഞിരുന്ന സ്വയം പ്രഖ്യാപിത ആള് ദൈവത്തിന്രെ ജയില്‍ ജീവിതം ഇങ്ങനെയൊക്കെയാണ്. പ്രത്യേക പരിഗണനയൊന്നുമില്ലാതെ മുഴുവന്‍ സമയം കൃഷിയില്‍ മുഴുകിയിരിക്കുന്ന ജയില്‍പ്പുള്ളി . 20 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് ഗുര്‍മീതിന് കോടതി വിധിച്ചിരിക്കുന്നത്. റോത്തക്കിലെ ജയിലില്‍ ഗുര്‍മീതിന് നോക്കി നടത്താനായി കുറച്ച് കൃഷി സ്ഥലമുണ്ട്. പച്ചക്കറിയാണ് കൃഷി. 2017 ഓഗസ്റ്റിലാണ് ഗുര്‍മീത് ജയിലിലാകുന്നത്. ഇതുവരെ 1.5 ക്വിന്റല്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്തുണ്ടാക്കി. ഒപ്പം കറ്റാര്‍ വാഴയും, തക്കാളിയും , പടവലങ്ങയും കൃഷി ചെയ്യുന്നു. ജയില്‍ വളപ്പില്‍ കൃഷി ചെയ്യുന്ന ഈ പച്ചക്കറികളാണ് തടവുകാര്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.
ദിവസവും രണ്ട് മണിക്കൂര്‍ കൃഷി ചെയ്യുന്നതിന് 20 രൂപയാണ് ഗുര്‍മീതിന് കൂലിയായി ലഭിക്കുന്നത്. അതും കൈയ്യില്‍ കിട്ടില്ല.അറസ്റ്റിലായപ്പോള്‍ ഗുര്‍മീതിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കോടതി മരവിപ്പിച്ചിരുന്നു. കോടി കണക്കിന് രൂപയായിരുന്നു ഈ അക്കൗണ്ടുകളില്‍ ഉള്ളത്. സംസ്ഥാനത്തിന്രെ പലഭാഗത്തും ഗുര്‍മീതിന് സ്വന്തമായി ഭൂമിയും ഉണ്ട്.
പ്രത്യേക സെല്ലിലാണ് ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്നത്. യാതൊരു വിഐപി പരിഗണനയും ഗുര്‍മീതിന് നല്‍കുന്നില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ജയിലില്‍ സഹതടവുകാര്ക്കായി ആത്മീയ പ്രഭാഷണം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഗുര്‍മീതിന്റെ ആവശ്യം നിരസിച്ചു. തുടക്കത്തില്‍ ഗുര്‍മീതിന് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ആറ് കിലോയോളം തൂക്കം കുറഞ്ഞിരുന്നു. കൃഷി തുടങ്ങിയ ശേഷം ഗുര്‍മീത് ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
ഗുര്‍മീതിന്റെ വളര്‍ത്തുമകളും അടുത്ത അനുയായിയുമായ ഹണി പ്രീത് അംബാല സെന്‍ട്രല്‍ ജയിയില്‍ വിചാരണത്തടവുകാരിയാണ്. ഓരോ തവണയും കോടതിയില്‍ ഹാജരാകുമ്പോള്‍ ഡിസൈനര്‍ വസ്ത്രങ്ങളിട്ടാണ് ഹണിപ്രീത് എത്തുന്നത്. സഹതടവുകാരോട് സംസാരിക്കാനോ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനോ ഹണിപ്രീത് കൂട്ടാക്കാറില്ല. ഗുര്‍മീതിനെ രക്ഷപെടുത്താന്‍ ഗൂഢാലോചന നടത്തി, കോടതി വിധിക്ക് ശേഷം നടന്ന കലാപം ആസൂത്രണം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഹണിപ്രീതിനെതിരെ ചുമത്തിയിരിക്കുന്നത്.


