ജിദ്ദ: പ്രവാസികള്‍ക്കിടയിലെ വ്യത്യസ്ഥന്‍, സാമൂഹിക പ്രവര്‍ത്തകര്‍ക്ക് മാതൃക, സൈക്കിളില്‍ സഞ്ചാരം പതിവാക്കി ജോലിക്കൊപ്പം സാമൂഹ്യ സേവനം നടത്തുന്ന വ്യത്യസ്തനായ പ്രവാസി മലയാളി ചെമ്പന്‍ അബ്ദു തന്റെ സൈക്കിള്‍ സഞ്ചാരം നിര്‍ത്തി പ്രവാസത്തോട് വിട പറയുകയാണ്. പരിശുദ്ദ ഹജ്ജിനു ശേഷം പ്രവാസ ലോകത്തോട് വിട പറയുമെന്ന് അബ്ദുക്ക പറയുന്നു.

മലപ്പുറം ജില്ലയിലെ പറമ്പില്‍ പീടിക പാലപ്പെട്ടിപ്പാറ സ്വദേശിയായ ചെമ്പന്‍ അബ്ദു 1992 നവംബര്‍ 27 നാണു ജിദ്ദയില്‍ എത്തിയത്. ജിദ്ദയില്‍ എത്തി രണ്ടു ദിവസത്തിന് ശേഷം അല്‍ ഹംറയിലെ യില്‍ഡിസ്ലര്‍ (Yildizlar)റെസ്റ്റോറന്റിലെ ജോലിയില്‍ പ്രവേശിച്ചു. 27 വര്‍ഷമായി ഇതേ ജോലിയില്‍ തന്നെയാണ് അബ്ദുക്ക ഇപ്പോഴും.
2012 മുതലാണ് അബ്ദുക്കയുടെ ജീവിതത്തിലേക്ക് സൈക്കിള്‍ കടന്നു വന്നത്. അതിനു മുമ്പ് വിവിധ ആവശ്യങ്ങള്‍ക്കും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നടന്നു പോവാറായിരുന്നു പതിവ്. ഇത് കണ്ട ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ ഇഖ്ബാല്‍ ആണ് ഇദ്ദേഹത്തിന് ഒരു സൈക്കിള്‍ സമ്മാനിച്ചത്. പിന്നീടുള്ള യാത്ര സൈക്കിളിലായി. ഇതിനിടെ പലപ്പോഴും സൈക്കിള്‍ കളവ് പോയ അനുഭവവും ഉണ്ട്. സൈക്കിള്‍ നഷ്ടപ്പെടുമ്പോള്‍ പുതിയത് വാങ്ങി വീണ്ടും സഞ്ചാരം തുടരുകയാണ് പതിവ്.

പിതാവുമൊത്ത്
തിരക്ക് പിടിച്ച ജോലിക്കിടയിലും സാമൂഹ്യ പ്രവര്‍ത്തനത്തിന് സമയം കണ്ടെത്തുന്ന അബ്ദുക്ക കെഎംസിസിയുടെ വിവിധ ഘടകങ്ങളില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. നിലവില്‍ ജിദ്ദ – പെരുവള്ളൂര്‍ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ്, വള്ളിക്കുന്ന് മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ്, റുവൈസ് ഏരിയ കെഎംസിസി ചെയര്മാന് എന്നീ നിലകളിലും ജിദ്ദ എസ് ഐ സി, ദാറുല്‍ ഹുദാ ജിദ്ദ കമ്മിറ്റി, പെരുവള്ളൂര്‍ യതീം ഖാന കമ്മിറ്റി എന്നിവയിലും അംഗമാണ്.
100 വയസ് തികഞ്ഞ മുഹമ്മദ് കുട്ടി ഹാജി പിതാവും ഉമ്മയ്യക്കുട്ടി ഹജ്ജുമ്മ മാതാവുമാണ്. ഭാര്യ ഫാത്തിമ . മക്കള്‍: റിയാസ് (മക്ക) റഹീസ് , റുബീന, റാഹില , റസ്ലത്ത്


