സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ പണം വാരുന്ന കാലമാണ് ഇത്. ഇന്‍സ്റ്റഗ്രാം റീല്‍സിലും ഫേസ്ബുക്കിലും യൂട്യൂബിലുമായി നിരവധി മലയാളി ഇന്ഫ്ലുവന്സര്മാരുണ്ട്, ഇത്തരം ആളുകള്‍ക്ക് പണം സമ്പാദിക്കാനുള്ള പ്രധാന മാര്‍ഗമാണ് പെയ്ഡ് പ്രമോഷനുകള്‍. തങ്ങളുടെ അക്കൗണ്ടിലൂടെ ഏതെങ്കിലും ഉത്പന്നങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ പരസ്യം ചെയ്യുന്ന രീതിയാണ് ഇത്. ഇത്തരത്തിലുള്ള പ്രമോഷനുകള്‍ ചെയ്യുമ്പോള്‍ അത് പ്രത്യേകം മെന്‍ഷന്‍ ചെയ്യേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇനി പണി കിട്ടും.
സോഷ്യല്‍ മീഡിയ താരങ്ങള്‍ തങ്ങള്‍ ചെയ്യുന്ന പെയ്ഡ് പ്രമോഷനുകളെ കുറിച്ച് ഫോളോവേഴ്സിന് മുന്നറിയിപ്പ് നല്കിയിട്ടില്ലെങ്കില് 50 ലക്ഷം രൂപ വരെ പിഴ ചുമത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇന്‍ഫ്ലുവന്‍സുള്ള ആളുകള്‍ക്ക് ധാരാളം ഫോളോവേഴ്സ് ഉണ്ടെങ്കില്‍ പ്രമുഖ ബ്രാന്‍ഡുകള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ പേജുകളില്‍ പ്രൊമോട്ട് ചെയ്യാന്‍ സമീപിക്കാറുണ്ട്. ഇനി ഇത്തരത്തില്‍ പണം വാങ്ങി നടത്തുന്ന പ്രമോഷനുകള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ വലിയൊരു തുക തന്നെ പിഴയായി ഈടാക്കും.
സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍ക്കായി ഉപഭോക്തൃകാര്യ മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയാണ്. തങ്ങളുടെ പ്ലാറ്റ്ഫോമുകളിലൂടെ പ്രോക്സി പെയ്ഡ് പ്രൊമോഷന് നടത്തിയിട്ടുണ്ടെന്ന് ഫോളോവേഴ്സിനോട് വെളിപ്പെടുത്താത്ത ആളുകള്‍ക്കെതിരെ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിക്ക് (സിസിപിഎ) പരാതി നല്‍കാമെന്നും 50 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് മാത്രമായിരിക്കില്ലെന്നും സെലിബ്രിറ്റികള്‍ക്കും ഫൈനാന്‍ഷ്യല്‍ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കും ഇത് ബാധകമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തെറ്റായ അവകാശവാദങ്ങളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇനി മുതല്‍ റീല്‍സിലോ മറ്റ് രീതികളിലോ ഉത്പന്നങ്ങളെ പ്രമോട്ട് ചെയ്താല്‍ അത് വ്യക്തമായി വെളിപ്പെടുത്തണം. അല്ലെങ്കില്‍ നിയമപരമായി ഫൈന്‍ അടയ്ക്കേണ്ടി വരും.


