ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ പൊങ്കാലയുമായി മലയാളികള്‍. മോദിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി മാറിയ ‘റിസൈന്‍ മോദി’ ക്യാമ്പയിന് ആണ് ഇപ്പോള്‍ സുക്കര്‍ബര്‍ഗിന്റെ പോസ്റ്റുകള്‍ക്ക് താഴെ. രാജ്യത്തെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖം നഷ്ടമായ മോദി സര്‍ക്കാരിനെതിരെയുള്ള കമന്റുകളാണ് പോസ്റ്റിന് ചുവടെ കൂടുതലും.
ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലുമെല്ലാം ട്രെന്‍ഡിങ് ആയ രാജിവെക്കൂ മോദി (#ResignModi) എന്ന ഹാഷ്ടാഗ് ഫേസ്ബുക്ക് ആദ്യം തടഞ്ഞുവെച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധവും ഉണ്ടായി. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
മണിക്കൂറുകള്‍ക്കകം ഫേസ്ബുക്ക് തീരുമാനം പിന്‍വലിക്കുകയും ചെയ്തു. പക്ഷേ മലയാളികള്‍ വിടാന്‍ തയ്യാറായില്ല. സാക്ഷാല്‍ സുക്കര്ബര്ബര്ഗിന്റെ വാളില്‍ പോയാണ് അവര്‍ അരിശം തീര്‍ത്തത്. മോദിയുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച സുക്കര്‍ബര്‍ഗിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയാണ് മലയാളികള്‍ കലിപ്പ് തീര്‍ത്തത്.
രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തിയും, മോദിയെയും ഫേസ്ബുക്ക് സ്ഥാപകനെയും ട്രോളിക്കൊണ്ടുള്ള കമന്റുകളാല്‍ നിറയുകയാണ് കമന്റ് ബോക്സ്. നിലവില്‍ മൂന്ന് ലക്ഷത്തിന് മുകളില്‍ കമന്റുകളും ഒരു മില്യണോടടുത്ത് റിയാക്ഷനുകളും 35000 ഷെയറുകളുമുള്ള പോസ്റ്റ് ഇപ്പോള്‍ വൈറലാണ്.


