കൊച്ചി: ഇന്ത്യാ സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ ആഗോള സുറിയാനി സഭയുടെ അധ്യക്ഷനും അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസുമായ ഇഗ്നാത്തിയോസ് അപ്രം ദ്വീദിയന് ബാവയ്ക്ക് ഊഷ്മള സ്വീകരണം. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് പാത്രീയര്‍ക്കീസ് ബാവയും സംഘവും എത്തിയത്.അഞ്ച് ദിവസത്തെ മലങ്കര സന്ദര്‍ശനത്തിനാണ് പാത്രീയര്‍ക്കീസ് എത്തിയിരിക്കുന്നത്.വിമാനത്താവളത്തില്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സഭയിലെ മെത്രാപ്പൊലീത്തമാരും രാഷ്ട്രീയ, സാമുദായിക നേതാക്കളും ചേര്‍ന്ന് ബാവായെ സ്വീകരിച്ചു.
പാത്രീയര്‍ക്കീസിന്റെ രണ്ടാം ശ്ലൈഹിക സന്ദര്‍ശനമാണ് ഇത്.
മലങ്കര സഭയില്‍ ശാശ്വത സമാധാനം ഉറപ്പുവരുത്തുകയാണ് തന്റെ സന്ദര്‍ശനത്തിന്റെ പരമപ്രധാനമായ ലക്ഷ്യമെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവ മാധ്യമങ്ങളോട് പറഞ്ഞു.തങ്ങളുടെ വിശ്വാസത്തിലധിഷ്ഠിതമായ ആരാധന നടത്തുന്നതിന് ഇവിടെ എല്ലാ ജനങ്ങള്‍ക്കും അവകാശമുണ്ടെന്നും,രാജ്യത്തെ വിവിധ ഭരണാധികാരികളുമായി നടത്തുന്ന ചര്‍ച്ചകളില്‍ തനിക്ക് ശുഭപ്രതീക്ഷയാണുള്ളതെന്നും വ്യക്തമാക്കി.
ഉച്ചയ്ക്കു ശേഷം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ വിവിധ സഭാ സമിതികളുടെ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് വാര്‍ത്താ സമ്മേളനവും നടത്തി. ശ്രേഷ്ം കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ ഒരുക്കിയ അത്താഴത്തിനും ശേഷം രാത്രി തിരുവനന്തപുരത്തിന് പോയി. ബുധനാഴ്ച രാവിലെ എട്ടിന് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയും പ്രഭാത ഭക്ഷണവും തുടര്‍ന്ന് കാര്‍ മാര്‍ഗം മഞ്ഞനിക്കര ദയറായിലേക്ക് പോകും. വൈകിട്ട് ആറിന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ കത്തീഡ്രലില്‍ കുര്‍ബാനയര്‍പ്പിക്കും. രാത്രി ഒന്‍പതിന് മലേക്കുരിശ് ദയറാ സന്ദര്‍ശിക്കും. 24 നു ഡല്‍ഹിയിലെത്തി രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും പാത്രീയര്‍ക്കീസ് ബാവ കാണുന്നുണ്ട്. ഇവരുമായുള്ള കൂടിക്കാഴ്ച 25ന് ആണു നടക്കുന്നതെങ്കില്‍ പരിശുദ്ധ ബാവ 24നു കൂടി കേരളത്തിലുണ്ടാകുമെന്നു പബ്ലിസിറ്റിയുടെ ചുമതലയുള്ള കുര്യാക്കോസ് മാര്‍ തെയോഫിലോസ് അറിയിച്ചു. 26 നു രാവിലെ പരിശുദ്ധ ബാവ ലബനനിലേക്കു പോകും.
പ്രാത്രീയര്ക്കീയസ് ബാവയെ സ്വീകരിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പിറവം എം.എല്‍.എ അനൂപ് ജേക്കബും ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ ഉണ്ടായിരുന്നു.