വൈ.അന്‍സാരി
കൊച്ചി: ഐജി വിജയ് സാക്കറെക്കും എസ്പി യതീഷ് ചന്ദ്രയ്ക്കും എതിരെ ഹൈക്കോടതി. ശബരിമലയിലെ ഐജിക്കും എസ്പിക്കും മലയാളം അറിയില്ലേ ? ഡിജിപി ഇറക്കിയ സര്‍ക്കുലര്‍ എന്തുകൊണ്ട് അവര്‍ക്ക് മനസിലാകുന്നില്ല ?. എസ്പിയുടെ ശരീരഭാഷ തന്നെ ശരിയല്ലെന്നും കോടതി പറഞ്ഞു. ശബരിമല നിരോധനാജ്ഞയ്ക്ക് എതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് ഉള്ളതല്ലേയെന്നും ഐജിയുടെയും എസ്പിയുടെയും വിശദാംശങ്ങള്‍ ഹാജരാക്കണം. ഇവരെ എന്തിന് നിയമിച്ചുവെന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വാക്കാല്‍ നിയമം ലംഘിച്ച് അവിടെ എത്തിയ രാഷ്ട്രീയ നേതാക്കളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും ചോദ്യമുയര്‍ന്നു. അതേസമയം ഭക്തര്‍ക്ക് സംഘമായോ ഒറ്റയ്ക്കോ പോകാമെന്നും ശരണമന്ത്രം ചൊല്ലുന്നവരെ തടയരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവ് പറപ്പെടുവിച്ചു. നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ ആധാരമാക്കിയ രേഖ, റിപ്പോര്‍ട്ട് അടങ്ങിയ ഫയല്‍ ഹാജരാക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ശരണമന്ത്രം ചൊല്ലുന്നത് തടയരുത്. പോലീസ് നീതി നടപ്പാക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പല തവണകളായി സര്‍ക്കാറിനും പൊലീസിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കോടതി ഉന്നയിച്ചത്. ശബരിമലയില്‍ നിന്ന് ഇതരസംസ്ഥാന ഭക്തര്‍ മടങ്ങിയോ?, നിയന്ത്രണങ്ങള്‍ നിയമപരമായാണോ നടപ്പിലാക്കിയത്?, ഭക്തരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടോ?, നിരോധനാജ്ഞ ഉദ്ദേശശുദ്ധിയോടെയാണോയെന്നടക്കം നിരവധി കാര്യങ്ങളില്‍ റിപ്പോര്‍ട്ട് നല്കാന് കോടതി ആവശ്യപ്പെട്ടു. പ്രാര്‍ത്ഥന യജ്ഞവും ശരണ മന്ത്രങ്ങള്‍ ഉരുവിടുന്നതും തമ്മില്‍ വിത്യാസം ഉണ്ട്. ശരണ മന്ത്രം ഉരുവുടുന്നെത്തില്‍ തെറ്റില്ല. അന്യസംസ്ഥാനത് നിന്ന് വന്നവര്‍ മടങ്ങി പോയെങ്കില്‍ അത് മൗലികാവകാശ ലംഘനം ആണെന്നും കോടതി നിരീക്ഷിച്ചു. നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതില്‍ ഹൈക്കോടതി സര്‍ക്കാരിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു.
ശബരിമലയില്‍ നിരോധനനാജ്ഞ എങ്ങനെ നടപ്പിലാക്കുന്നുവെന്നും നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധമാകുമെന്നും ഭക്തരെയും പ്രതിഷേധക്കാരെയും പൊലീസുകാര്‍ എങ്ങനെയാണ് തിരിച്ചറിയുന്നതെന്നും സര്‍ക്കാര്‍ വിശദീകരിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഉച്ചയ്ക്ക് 1.45ന് ദേവസ്വം ബെഞ്ച് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ എജി ഹൈക്കോടതിയില്‍ വിശദീകരണം നല്കി. തുലാമാസ പൂജയ്ക്കിടയിലും ചിത്തിര ആട്ട വിശേഷത്തിനിടയിലും ശബരിമലയില്‍ സംഘര്‍ഷമുണ്ടായിതാണ് നിയന്ത്രണങ്ങള്‍ക്ക് കാരണമെന്നും മണ്ഡലകാലത്തും സംഘര്‍ഷങ്ങളുണ്ടാകുമെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പുണ്ടായിരുന്നുവെന്നും എജി വിശദീകരിച്ചു. വിശദീകരണങ്ങളും ഹര്‍ജിക്കാരുടെ വാദവും കേട്ട ശേഷമായിരുന്നു കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഭക്തരെക്കാള്‍ കൂടുതല്‍ പൊലീസുകാര്‍ ഉണ്ടായിട്ടും ക്രമസമാധാന പാലനം അവര്‍ക്ക് സാധിക്കുന്നില്ല. പബ്ലിക് ഓര്‍ഡറും ലോ ആന്‍ഡ് ഓര്‍ഡറും തമ്മില്‍ വ്യത്യാസം ഉണ്ട്. പബ്ലിക് ഓര്‍ഡര്‍ നിലനിര്‍ത്താനാണ് 144 പ്രഖ്യാപിക്കുന്നത്. പക്ഷെ ഇവിടെ ക്രമസമാധാന പാലനത്തിന് ആണ് 144 പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ചില രാഷ്ട്രീയ സര്‍ക്കുലറുകള്‍ കാണാന്‍ ഇടയായെന്നും ട്രെയിനിങ് ആവശ്യം എന്നും, ആക്രണത്തിന് ആവശ്യമായ സാധങ്ങള്‍ കരുതണം എന്നും അതില്‍ പറയുന്നു. എന്താണ് ആ സാധനങ്ങള്‍? അതിനെ പറ്റി പോലീസ് അന്വേഷിക്കണ്ടതല്ലേ എന്നുമായിരുന്നു ഹര്‍ജിക്കാരോട് ഹൈക്കോടതിയുടെ ചോദ്യം.


