ബംഗളൂരു: കൊറോണ പ്രതിസന്ധിയുടെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ പെരുന്നാള്‍ നമസ്കാരം ഇക്കുറി വീടുകളില്‍ തന്നെ. ആലിംഗനവും ഹസ്തദാനവും വേണ്ടന്ന് മുസ്ലീം സംഘടനകള്‍. ചെറിയ പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിശ്വാസികള്‍ക്ക് മുസ്ലീം സംഘടനകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സുരക്ഷാ നിയന്ത്രണങ്ങള്‍ മുന്‍നിര്‍ത്തിയാണ് സംഘടനകള്‍ മാര്‍ഗനിര്‍ദേശങ്ങളിറക്കിയിരിക്കുന്നത്.
കൂട്ടംകൂടല്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശം നിലവിലുള്ളതിനാല്‍ പെരുന്നാള്‍ നമസ്കാരം വീടുകളില്‍ തന്നെയാക്കണമെന്നാണ് മുഖ്യമായും അറിയിച്ചിരിക്കുന്നത്. ഇതിനായി പള്ളികളില്‍ എത്തുന്നത് ഒഴിവാക്കണം. അതുപോലെ തന്നെ ഒത്തു ചേരലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെ സന്ദര്‍ശനവും,പൊതുവായ അഭിവാദ്യ രീതികളായ ആലിംഗനവും ഹസ്തദാനവും ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഈദ് പോലുള്ള പ്രത്യേക ചടങ്ങുകള്‍ കണക്കിലെടുത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി സിഎം ഇബ്രാഹിം അടക്കമുള്ള ചില രാഷ്ട്രീയ നേതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു അഭിപ്രായം തള്ളുന്ന തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി മതനേതാക്കള്‍ എത്തിയിരിക്കുന്നത്. പെരുന്നാള്‍ ദിനത്തില്‍ വീടുകളില്‍ തന്നെ ആരാധന നടത്തുമെന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്.
‘നിലവിലെ മഹാമാരിയുടെ ഘട്ടത്തില്‍ ഏതെങ്കിലും തരത്തിലും കൂട്ടായ്മകള്‍ നടത്തുക എന്നത് അസംഭവ്യമാണ്.. അതുകൊണ്ട് തന്നെ ഈദ് ഗാഹുകള്‍ ഉണ്ടായിരിക്കുന്നതല്ല.. വൈറസ് വ്യാപന സാധ്യതയുള്ളതിനാല്‍ ആലിംഗനവും ഹസ്തദാനവും ഒഴിവാക്കാന്‍ ഞങ്ങള്‍ മുസ്ലീം സഹോദരങ്ങളോട് അഭ്യര്‍ഥിക്കുകയാണ്.. അപകടകാരിയായ ഈ വൈറസിനെ ഒഴിവാക്കാന്‍ പുറത്തിറങ്ങുന്നതും കഴിവതും ഒഴിവാക്കണം.. വീടുകളില്‍ തന്നെ കഴിഞ്ഞ് നിങ്ങളെയും മറ്റുള്ളവരെയും സുരക്ഷിതരാക്കുക’ .. ബംഗളൂരു ജമാ മസ്ജിദ് ഇമാം മഖ്സൂദ് ഇമ്രാന് അറിയിച്ചു. വിവിധ മുസ്ലീം സംഘടനകളുമായി നടത്തിയ യോഗത്തിന് ശേഷമാണ് ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്.
‘ഇക്കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളുമുണ്ടാകും. ‘ഗതാഗതം പുനഃസ്ഥാപിച്ചു, കടകള്‍ തുറന്നു.. മദ്യശാലകള്‍ വരെ തുറന്നു… പിന്നെ എന്തുകൊണ്ട് പള്ളിയില്‍ ഒത്തുചേര്‍ന്നു കൂടാ എന്ന്? ഞങ്ങള്‍ ഞങ്ങളുടെ വിഭാഗത്തില്‍പ്പെട്ട ചില ആരോഗ്യവിദഗ്ധരുമായും ഉലമാക്കളുമായും ചില എംപി-എംഎല്‍എമാരുമായും സംസാരിച്ചിരുന്നു.. അതിനു ശേഷമാണ് മസ്ജിദുകളിലേക്ക് വരണ്ട എന്നും പെരുന്നാള്‍ നമസ്കാരം വീടുകളില്‍ മതിയെന്നുമുള്ള തീരുമാനത്തിലെത്തിയത്’ ഇമ്രാന് വ്യക്തമാക്കി.
വിശ്വാസികള്‍ക്കായുള്ള ചില പ്രധാന നിര്‍ദേശങ്ങള്‍:
♦ ആഘോഷങ്ങള്‍ ലളിതമാക്കുക; അമിത ചിലവ് ഒഴിവാക്കി ആ തുക പാവങ്ങളെ സഹായിക്കാനായി ഉപയോഗപ്പെടുത്തുക
♦ ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കുക
♦ കൂട്ടം കൂടുന്നത് ഒഴിവാക്കുക. നമസ്കാരം വീടുകളില്‍ നിര്‍വഹിക്കുക. പള്ളികളിലെ ആരാധന ചടങ്ങില്‍ അഞ്ച് പേരില്‍ കൂടാന്‍ പാടില്ല
♦ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്ന സമയമാണിത് അതുകൊണ്ട് തന്നെ പ്രാര്‍ഥനകളില്‍ മുഴുകുക