പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അനധികൃതമായി കയറി പൂജ നടത്തിയ സംഭവത്തില്‍ രണ്ട് വനം വികസന കോര്പറേഷന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ഗവിയിലെ കെഎഫ്ഡിസി സൂപ്പര്‍വൈസര്‍ രാജേന്ദ്രന്, തോട്ടം തൊഴിലാളി സാബു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇരുവരേയും ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ റാന്നി കോടതിയിലെത്തിച്ചു. കേസിലെ ബാക്കിയുളള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പച്ചക്കാനം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ ജയപ്രകാശ് പറഞ്ഞു.
നിലവില്‍ കസ്റ്റഡിയിലുളള പ്രതികളെ ചോദ്യം ചെയ്തു. കേസില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അറിയിച്ചു. രാജേന്ദ്രനും സാബുവുമാണ് പ്രതികളെ കാടിനുളളിലേക്ക് പ്രവേശിക്കാന്‍ സഹായിച്ചത്. ഉദ്യോഗസ്ഥര്‍ പണം വാങ്ങിയെന്നും വനംവകുപ്പ് പറഞ്ഞു.
ശബരിമല പൊന്നമ്പല മേട്ടില്‍ അനധികൃതമായി കടന്നുകയറി പൂജ നടത്തിയ നാരായണ സ്വാമിക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. പൊന്നമ്പലമേട്ടില്‍ കയറി നാരായണ സ്വാമി പൂജ നടത്തിയത് അയ്യപ്പഭക്തരെ അവഹേളിക്കണമെന്നുമുള്ള ഉദ്ദേശത്തോടെയാണെന്നാണ് പൊലീസിന്റെ എഫ്ഐആര്‍. ഹിന്ദു മതവിശ്വാസികള്‍ പവിത്രവും പരിപാവനവുമായി കാണുന്ന ശബരിമല ശാസ്താവിന്റെ മൂലസ്ഥാനമായി കരുതുന്ന പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറിയാണ് പൂജ നടത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295, 295-എ, 447, 34 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
നാരായണന് നമ്പൂതിരിക്ക് അറസ്റ്റിലായവരുമായി മുന്‍ പരിചയമുണ്ടായിരുന്നു. നാരായണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ നിന്നുള്ള സംഘം മെയ് എട്ടിന് രാവിലെ 7.25നാണ് വടക്കടവില് എത്തിയത്. ആറുപേര്‍ക്കൊപ്പമാണ് നാരായണന് നമ്പൂതിരി വള്ളക്കടവില്‍ എത്തിയത്. കറുപ്പയ്യയ്ക്കും സാബു മാത്യൂസിനും 3000 രൂപ നല്കിയ ശേഷം ഗവി റൂട്ടിലൂടെ മണിയാട്ടി പാലം വഴി പത്ത് കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് 11.30-ന് സംഘം പൊന്നമ്പലമേട്ടിലെത്തിയത്. ഒരു മണിക്കൂര്‍ സംഘം അവിടെ ചെലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ആറു പേരും തമിഴ്നാട് സ്വദേശികളാണ്. തൃശ്ശൂര്‍ സ്വദേശിയായ നാരായണന് നമ്പൂതിരി എറെക്കാലമായി ചെന്നൈയിലാണ് താമസിക്കുന്നത്.