തൊടുപുഴ: പെരുന്നാളിന്റെ ചന്ദ്രപ്രഭ ചിരി തൂകിയെത്തി, താങ്ങും തണലുമില്ലാത്തവരുടെ ആശ്വാസ തീരമായ ദിവ്യ രക്ഷാലയത്തിന്റെ മുറ്റത്തേക്ക്. ജീവിത സാഹചര്യങ്ങളില്‍ ഒറ്റപ്പെടലിന്റെ ദുരിത മുഖങ്ങളില്‍ സന്തോഷം നിറഞ്ഞു. ഒപ്പം മദര്‍ ആന്റ് ചൈല്‍ഡിലെ കുരുന്നുകളും ചേര്‍ന്നപ്പോള്‍ അത്തറിന്റെ പരിമളത്തിനൊപ്പം ഈദുല്‍ ഫിത്വറിന്റെ മാനവിക സന്ദേശം പരന്നു. വിഭവ സമൃദ്ധമായ സദ്യയുണ്ടും പാട്ടുപാടിയും അവര്‍ ചെറിയ പെരുന്നാളിനെ അനുഭവിച്ചറിഞ്ഞു.
അല്‍അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനും അല്‍ഫിത്വറ ഇസ്ലാമിക് പ്രീ സ്കൂളുമായി സഹകരിച്ച് പെരുമ്പിള്ളിച്ചിറ ഷിഹാബ് തങ്ങള്‍ റിലീഫ് സെല്‍ സംഘടിപ്പിച്ച ഈദുല്‍ ഫിത്വര്‍ സ്നേഹ സംഗമം എല്ലാ അര്‍ഥത്തിലും വേറിട്ടു നിന്നു. രോഗങ്ങള്‍ കൊണ്ടും ജീവിത സാഹചര്യങ്ങള്‍ കൊണ്ടും ഒറ്റപ്പെട്ടവരെ ഏറ്റെടുത്ത് അവര്‍ക്ക് സംരക്ഷണം നല്കുന്ന സ്ഥാപനമാണ് മൈലക്കൊമ്പ് ദിവ്യ രക്ഷാലയം. മാതാപിതാക്കള്‍ ഉപേക്ഷിച്ചവരും അനാഥരുമായ കുഞ്ഞുമക്കളെ പോറ്റി വളര്‍ത്തുന്ന മദര്ആന്റ് ചൈല്‍ഡ് ഫൗണ്ടേഷന്. ഇവര്‍ക്കൊപ്പം പെരുന്നാള്‍ ആഘോഷിക്കണം എന്ന് തീരുമാനിച്ച് മുന്നോട്ട് വന്നത് കുമാരമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് നിസാര്‍ പഴേരിയുടെ നേതൃത്വത്തില്‍ ഏതാനും ചെറുപ്പക്കാരായിരുന്നു.ഈ മുഖങ്ങളില്‍ തെംളിയുന്ന സംതൃപ്തിയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിവരുന്ന ആഘോഷം ഇത്തവണ കൂടുതല്‍ വിപുലമാക്കാന്‍ ഇവര്‍ക്ക് പ്രേരണയായത്. അറുനൂറോളം പേര്‍ക്ക് ഭക്ഷണമുണ്ടാക്കാനും പരിപാടി സംഘടിപ്പിക്കാനും നേതൃത്വം നല്‍കിയത് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പ്രവര്‍ത്തകരായിരുന്നു.
ദിവ്യരക്ഷാലയത്തിലെ അന്തേവാസികള്‍ക്കും ഇത് വേറിട്ട അനുഭവം. മദര്‍ ആന്റ് ചൈല്‍ഡിലെ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ച് സ്നേഹസംഗമം ആഘോഷമാക്കിയപ്പോള്‍ ചെറിയ പെരുന്നാള്‍ വലിയ സന്തോഷത്തിന്റെ സുദിനമായി.
ഇതോടനുബന്ധിച്ച് ചേര്‍ന്ന സ്നേഹ സംഗമത്തില്‍ റിലീഫ് സെല്‍ ചെയര്മാന് നിസാര്‍ പഴേരി അധ്യക്ഷത വഹിച്ചു. ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഇരുമ്പുപാലം ആമുഖ പ്രഭാഷണം നടത്തി. ഫൈസല്‍ ഖാസിമി ഈദ് സന്ദേശം നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി സിന്ധുകുമാര്‍ , തൊടുപുഴ സി.ഐ എം.ജി ശ്രീമോന്, മുന്‍ മുനിസിപ്പല്‍ ചെയര്മാന് സഫിയ ജബ്ബാര്‍, , മുഹമ്മദ് വെട്ടിക്കല്‍, ടി,കെ നവാസ് സംസാരിച്ചു. ടോമി ഓടക്കല്‍ സ്വാഗതവും ജോഷി ഓടക്കല്‍ നന്ദിയും പറഞ്ഞു. കെ.എംഎ ഷുക്കൂര്‍, ടിഎസ് ഷംസുദീന്‍, കെ.എച്ച് അബ്ദുല്‍ ജബ്ബാര്‍, പി.എം എ റഹിം, അജാസ് പുത്തന്‍പുര, അന്‍ഷാദ് , സഫിയ ബഷീര്‍, ഫൈസല്‍ എല്പറമ്പില് പങ്കെടുത്തു.