മുവാറ്റുപുഴ : ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ ജാഥക്ക് മുവാറ്റുപുഴയില്‍ തുടക്കമായി. കെപിസിസി സംഘടിപ്പിക്കുന്ന നാലാമത്തെ മേഖല ജാഥയാണ് മുവാറ്റുപുഴയില്‍ നിന്ന് തുടങ്ങിയത്. ബെന്നി ബെഹന്നാന് എംപിയാണ് ജാഥ നയിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി യോഗം ഉദ്ഘാടനം ചെയ്തു. ഡോ. മാത്യു കുഴല്നാടന് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായി. ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെയാണ് കോണ്‍ഗ്രസ് പ്രചരണ ജാഥകള്‍ സംഘടിപ്പിക്കുന്നത്.
അയ്യപ്പ വിശ്വാസികളെ വെല്ലുവിളിക്കുന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേതെന്ന് ദീപദാസ് മുന്‍ഷി പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്ത് അമ്പലങ്ങള്‍ പോലും കൊള്ളയടിക്കപ്പെടുന്ന അവസ്ഥയിലാണ്. ശബരിമലയിലെ സ്വര്‍ണ്ണം പോലും മോഷ്ടിക്കപ്പെടാന്‍ സാഹചര്യം ഒരുക്കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ദേവസ്വം ബോര്‍ഡാണ്. വിശ്വാസികള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് ജാഥ സംഘടിപ്പിക്കുന്നതെന്നും ദീപദാസ് മുന്‍ഷി പറഞ്ഞു.
ജാഥ വൈസ് ക്യാപ്റ്റന്‍ വിടി ബല്‍റാം, റോജി എം ജോണ്‍, വിപി സജീന്ദ്രന്, ജോസഫ് വാഴക്കന്, അജയ് തറയില്‍, ഷാനിമോള്‍ ഉസ്മാന്, മുഹമ്മദ് ഷിയാസ്, ബി.എ അബ്ദുള്‍ മുത്തലിബ്, ഡൊമിനിക് പ്രസന്റേഷന്, എന്‍ വേണുഗോപാല്‍, ഫ്രാന്‍സിസ് ജോര്‍ജ് എം.പി, എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളി, അന്‍വര്‍ സാദത്ത്, ടി.ജെ വിനോദ്, സനീഷ് കുമാര്‍ ജോസഫ്, നേതാക്കളായ റോയി കെ പൗലോസ്, ജെയ്സണ്‍ ജോസഫ്, ടിഎം സക്കീര്‍ഹുസൈന്‍, കെഎം സലിം, ഐ.കെ രാജു, ബ്ലോക്ക് പ്രസിഡന്റ് മാരായ സാബു ജോണ്‍, സുഭാഷ് കടക്കോട് തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
ജാഥ ക്യാപ്റ്റന്‍ ബെന്നി ബെഹന്നാന് എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി പതാക കൈമാറി. തുടര്‍ന്ന് തലപൊലിയുടെ അകമ്പാടിയൊടെ വെള്ളൂര്‍കുന്നം മഹാദേവ ക്ഷേത്രസന്നിധിയില്‍ എത്തി അയ്യപ്പന്റെ ഛായചിത്രത്തിനു മുന്പില് വിളക്ക് കൊളുത്തി, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജാഥാ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും ആരതി ഉഴിഞ് ജാഥാ ക്യാപ്റ്റന്‍ പൂര്‍ണ്ണ കുംഭം നല്‍കിയാണ് ജാഥ ആരംഭിച്ചത്.