ന്യാഡല്ഹി: ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ്പിന്റെ ചുമതലകള്‍ സഹമെത്രാന്മാര്ക്ക് കൈമാറി. മൂന്നു സഹവൈദികര്ക്ക് ബിഷപ്പിന്റെ ചുമതലകള്‍ വീതിച്ചു നല്‍കിക്കൊണ്ട് ഫ്രാങ്കോ സഭയിലെ അംഗങ്ങള്‍ക്ക് കത്തും അയച്ചു.
മാത്യൂ കൊക്കാണ്ടമാണ് അഡ്മിനിസ്ട്രേറ്റര്‍. ഫാ. ജോസഫ് തെക്കുംകാട്ടില്‍, ഫാ. സുബിന് തെക്കടത്ത്, ഫാ. ബിബിന്‍ ഓട്ടക്കുന്നേല്‍ എന്നിവര്‍ക്കാണ് മറ്റു ചുമതലകള്‍ വീതിച്ചു നല്‍കിയിരിക്കുന്നത്. അതേസമയം രൂപതയുടെ ഭരണപരമായ പദവിമാത്രമാണ് ഒഴിഞ്ഞത്. ബിഷപ്പ് എന്ന നിലയിലുള്ള ആധ്യാത്മിക പദവി അദ്ദേഹത്തിനുണ്ടാകും.
ചോദ്യം ചെയ്യലിനു ഹാജരാകാന്‍ കേരളത്തിലേക്കു വരുന്നതിനു മുന്നോടിയായാണ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിഞ്ഞത്. കേസിന്റെ പശ്ചാത്തലത്തിലാണ് ചുമതലകള്‍ സഹമെത്രാന്മാര്ക്ക് കൈമാറിയതെന്ന് ഫ്രാങ്കോ മുളയ്ക്കലും പ്രതികരിച്ചു. വിവാദത്തില്‍പ്പെട്ടപ്പോള്‍ തനിക്കു തന്ന പിന്തുണയ്ക്കും പ്രാര്‍ഥനയ്ക്കും നന്ദിയുണ്ടെന്നും ഫ്രാങ്കോ രൂപതയിലെ വൈദികര്‍ക്കയച്ച കത്തില്‍ പറയുന്നു. അതേസമയം രൂപതയ്ക്കു പുറത്തുപോകുമ്പോഴുള്ള താല്‍ക്കാലിക നടപടിക്രമം മാത്രമാണ് ചുമതലാ കൈമാറ്റമെന്നും കത്തിലുണ്ട്. ലൈംഗിക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിഷപ്പ് ചുമതലയില്‍ നിന്ന് മാറിനില്ക്കാന് വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പിന്റെ ചുമതലകളില്‍നിന്ന് സ്വയം മാറിനില്ക്കാന് തീരുമാനിച്ചത്.


