കോതമംഗലം: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരി.പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവായുടെ മലങ്കര കാര്യ സെക്രട്ടറിയായി ഫാ.ജോഷി സി. എബ്രാഹാം ചുമതല ഏല്ക്കും. ഏല്ക്കുന്നതിനായി കോതമംഗലം നീണ്ടപാറ സ്വദേശിയായ ജോഷി അച്ചന് ശനിയാഴ്ച ലെബനോനിലേക്ക് യാത്ര തിരിക്കും.
ചെമ്പന്‍കുഴി സെന്റ്.ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി ഇടവകയിലെ ചെമ്പകശ്ശേരില്‍ എബ്രാഹാമിന്റെയും ഏലിയാമ്മയുടെയും അഞ്ച് മക്കളില്‍ രണ്ടാമനാണ് ഫാ.ജോഷി. നേര്യമംഗലം ഗവ.സ്കൂളില്‍ ഹൈസ്ക്കൂള് വിദ്യാഭ്യാസത്തിന് ശേഷം കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കെ.എസ്.ഇ.ബി യില്‍ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ചെങ്കിലും ദുബായ് ഷാര്‍ജയില്‍ ജോലി ലഭിച്ചപ്പോള്‍ കെ.എസ്.ഇ.ബി യിലെ ജോലി ഉപേക്ഷിച്ചു.
ചെറുപ്പം മുതല്‍ പൗരോഹിത്യത്തെ സ്വീകരിക്കുന്നതിനുള്ള ഒരുക്കത്തില്‍ ജീവിച്ച ജോഷി അച്ചന് ഷാര്‍ജ സെന്റ്.മേരീസ് യാക്കോബായ പള്ളിയില്‍ മദ്ബഹാ ശുശ്രൂഷകനായി ചേര്‍ന്ന് ദൈവീക വഴിയിലേക്ക് തിരിഞ്ഞു. വെട്ടിക്കല്‍ സെമിനാരിയില്‍ നിന്ന് സ്വര്‍ണ്ണ മെഡലലോടെ വൈദീക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോതമംഗലം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമന പള്ളിയില്‍ വച്ച് ഇപ്പോഴത്തെ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ഡോ. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ ശെമ്മാശ്ശനാക്കി. തുടര്‍ന്ന് കാലം ചെയ്ത പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവായുടെ സെക്രട്ടറിയായി ചുമതല ഏറ്റെടുത്തു. തുടര്‍ന്ന് സാഖാ ബാവ വൈദീക സ്ഥാനത്തേക്ക് ഉയര്‍ത്തി കേരളത്തിലേക്ക് അയച്ചു.
മച്ചിപ്ലാവ് സെന്റ്.ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി വികാരിയായി ദീര്‍ഘകാലം ചുമതല നിര്‍വ്വഹിച്ചിരുന്നു. ഇപ്പോള്‍ വാളറ സെന്റ്.പീറ്റേഴ്സ് ആന്‍ഡ് സെന്റ്.പോള്‍സ് യാക്കോബായ പള്ളി, കമ്പിളിക്കണ്ടം സെന്റ്.മേരീസ് യാക്കോബായ പള്ളി എന്നിവിടങ്ങളില്‍ വികാരിയാണ്.വെള്ളിയാഴ്ച രാവിലെ യാക്കോബായ സുറിയാനി സഭയുടെ ഹൈറേഞ്ച് മേഖലയിലെ ദൈവാലയങ്ങളിലെ വൈദീകരും, വിശ്വാസികളും സംയുക്തമായി യാക്കോബായ സുറിയാനി സഭയിലെ ഹൈറേഞ്ച് മേഖലയുടെ അഭി.ഏലിയാസ് മോര് യൂലിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ പ്രൗഢഗംഭീരമായ യാത്രയയപ്പ് നല്കി