പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇന്ഫെര്മേഷന് സെന്ററില്‍ ജീവനക്കാരനായിരുന്ന ശ്രീനിവാസ് സ്വാമി അന്തരിച്ചു. സന്നിധാനത്ത് എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സുപരിചിതമായ ശബ്ദത്തിന് ഉടമയാണ് അദ്ദേഹം. കഴിഞ്ഞ 25 വര്‍ഷത്തോളമായി സന്നിധാനത്ത് അനൗണ്‍സറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
അയ്യപ്പ ദര്‍ശനത്തിന് എത്തുന്ന വിശ്വാസികള്‍ക്ക് അറിയിപ്പും നിര്‍ദ്ദേശങ്ങളും നല്‍കുന്നത് ശ്രീനിവാസ് സ്വാമി ആയിരുന്നു. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളില്‍ അദ്ദേഹം നിര്‍ദ്ദേശം നല്കി. സന്നിധാനത്ത് തിരക്കില്‍ കൂട്ടം തെറ്റിപോകുന്ന കുട്ടികളും മുതിര്‍ന്നവരും തിരികെ ബന്ധുക്കളുടെ അടുത്തെത്തുന്നതില്‍ ശ്രീനിവാസ് സ്വാമിയുടെ ശബ്ദം വഹിച്ച പങ്ക് ചെറുതല്ല. ഭക്തര്‍ നേരിട്ടും ടെലിഫോണിലും ചോദിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതും പൂജകളുടേയും വഴിപാടുകളുടേയും വിവരങ്ങള്‍ മൈക്കിലൂടെ അറിയിക്കുന്നതും, കളഞ്ഞുകിട്ടിയ സാധനങ്ങളെപ്പറ്റി വിവരം അറിയിക്കുന്നതും ശ്രീനിവാസ് സ്വാമി ആയിരുന്നു.