തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. കേസുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികളില്‍ ചൊവ്വാഴ്ച സുപ്രീം കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.ശബരിമല മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് സര്‍ക്കാര്‍ നിര്‍ണായക നീക്കവുമായി രംഗത്തെത്തിയത്. ശബരിമല വിഷയത്തില്‍ പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സമാധാനത്തോടെ ദര്‍ശനം നടത്തേണ്ട ശബരിമലയില്‍ അക്രമം നടത്തുന്നത് അനുവദിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രണ്ട് തവണ നടതുറന്നപ്പോഴും പ്രതിഷേധവും സംഘര്‍ഷവും ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. കഴിഞ്ഞ രണ്ടുപ്രാവശ്യവും ശബരിമല നടതുറന്നപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് തടയാന്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അമ്പത് വയസ് കഴിഞ്ഞ സ്ത്രീകളെപ്പോലും തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാന്‍ അനുദിച്ചത്. ഇതിനിടയില്‍ ചിലരെ കൈയ്യേറ്റം ചെയ്യാനും പ്രതിഷേധക്കാര്‍ ശ്രമിച്ചിരുന്നു. സമാനമായ പ്രതിഷേധം മണ്ഡലകാലത്തും ഉണ്ടാകുമെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട്. മാത്രവുമല്ല ഇക്കാലയളവില്‍ തീര്‍ത്ഥാടകരുടെ വേഷത്തില്‍ തീവ്രവാദികള്‍ എത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സര്‍വകക്ഷിയോഗം വിളിച്ച് മണ്ഡലകാലത്തെ തീര്‍ത്ഥാടനം തീരുമാനിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.