മുവാറ്റുപുഴ : ശബരിമല സ്വര്‍ണ്ണ മോഷണ വിവാദത്തില്‍ നൈറ്റ് മാര്‍ച്ചുമായി കോണ്‍ഗ്രസ്. ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തും രാജിവെക്കണമെന്നവശ്യപ്പെട്ടാണ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ബെന്നി ബെഹന്നാന് എംപി നയിക്കുന്ന മേഖല പ്രതിഷേധ ജാഥ ഈ മാസം 15ന് മുവാറ്റുപുഴയില്‍ നിന്നാണ് ആരംഭിക്കുന്നത്. മുവാറ്റുപുഴയില്‍ നിന്ന് ആരംഭിച്ചു പന്തളത്ത് സമാപിക്കുന്ന വിധത്തിലാണ് കെപിസിസി നിര്‍ദേശ പ്രകാരം ബെന്നി ബെഹന്നാന് നയിക്കുന്ന ജാഥ ക്രമികരിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായിട്ടാണ് മുവാറ്റുപുഴ, മഞ്ഞള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിളംബര നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് ബ്ലോക്ക് പ്രസിഡന്റ്റുമാരായ സാബു ജോണ്‍, സുഭാഷ് കടയ്ക്കോട് എന്നിവര്‍ അറിയിച്ചു.
വൈകിട്ട് 7 മണിക്ക് മുവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് പരിസരത്ത് നിന്ന് നൈറ്റ് മാര്‍ച്ച് ആരംഭിക്കും. വെള്ളൂര്‍ക്കുന്നത്ത് ടൗണ്‍ ഹാളിലാണ് മാര്‍ച്ച് സമാപിക്കുന്നത്. ഇവിടെ അയ്യപ്പ ജ്യോതി തെളിയിക്കും. അഖില കേരള അയ്യപ്പ സേവ സമാജം പ്രസിഡന്റ് ഡി വിജയകുമാര്‍ അയ്യപ്പ ജ്യോതി തെളിയിക്കും. അഞ്ഞൂറോളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുക്കും.