ആലപ്പുഴ: ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യപൂജാരിണി ദിവ്യശ്രീ ഉമാദേവി അന്തര്‍ജനം (96) അന്തരിച്ചു. മണ്ണാറശാല ഇല്ലത്ത് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.
മണ്ണാറശാല വലിയമ്മയായിരുന്ന സാവിത്രി അന്തര്‍ജനം 1993 ഒക്ടോബര്‍ 24-ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തര്‍ജനം മണ്ണാറശാല അമ്മയായി ചുമതലയേറ്റത്. മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ നടത്തുന്ന അന്തര്‍ജനങ്ങളാണ് ‘മണ്ണാറശാല അമ്മ’ എന്ന പേരില്‍ അറിയപ്പെടുന്നത്. കൂടുതല്‍ പ്രായമുള്ളവര്‍ ഇല്ലത്ത് ഉണ്ടായിരുന്നുവെങ്കിലും മൂപ്പുമുറ അനുസരിച്ചു വലിയമ്മയാകാനുള്ള നിയോഗം ഉമാദേവി അന്തര്‍ജനത്തിനായിരുന്നു.
മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണന് നമ്പൂതിരിയുടെ വേളിയായാണ് അവര്‍ മണ്ണാറശാല കുടുംബാംഗമായത്. ഭര്‍ത്താവ് നാരായണന് നമ്പൂതിരിയുടെ വേര്‍പാടോടെ, ഏകമകളായ വല്‍സലാദേവിയുമായി ഇല്ലത്തില്‍ തന്റേതായ ലോകം കണ്ടെത്തിയ ഉമാദേവി അന്തര്‍ജനം ക്രമേണ പഴയ വലിയമ്മ സാവിത്രി അന്തര്‍ജനത്തിന്റെ സഹായിയായി മാറുകയായിരുന്നു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന് നമ്പൂതിരിയുടെയും രുക്മിണിദേവി അന്തര്‍ജനത്തിന്റെയും മകളാണ്.


