തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്ഷന് പുനപരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി ജഡ്ജി അടങ്ങുന്ന സമിതിയെ നിയമിക്കും. രണ്ടാഴ്ച്ചയ്ക്കകം സമിതിയെ നിയോഗിക്കുമെന്നും അദേഹം നിയമസഭയില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്.
2013ല്‍ ആരംഭിച്ച പങ്കാളിത്ത പെന്‍ഷനില്‍ എഴുപതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ അംഗങ്ങളാണ്. പങ്കാളിത്ത പെന്ഷന് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത പെന്ഷന് ഒറ്റയടിക്ക് ഒരു അവകാശമല്ലാതായി മാറുന്നു എന്നതാണ്. ഈ പദ്ധതിപ്രകാരം ഓരോ ജീവനക്കാരനും അടിസ്ഥാനശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തുശതമാനംപെന്‍ഷന്‍ അക്കൌണ്ടിലേക്ക് പ്രതിമാസം അടയ്ക്കണം.
തുല്യമായ വിഹിതം സര്‍ക്കാരും (തൊഴിലുടമ) അടയ്ക്കണം. ഈ തുക പെന്‍ഷന്‍ഫണ്ടുകളില്‍ നിക്ഷേപിക്കും. പെന്‍ഷന്‍ഫണ്ട് മാനേജര്‍മാര്‍ തുക ഷെയര്‍ മാര്‍ക്കറ്റിലും മറ്റും നിക്ഷേപിക്കും.
ഷെയര്‍മാര്‍ക്കറ്റിന്റെ ഗതിവിഗതികള്‍ക്കനുസരിച്ച് തുക കുറയുകയോ കൂടുകയോ ചെയ്യാം. റിട്ടയര്‍ ചെയ്യുമ്പോള്‍ ജീവനക്കാരന്റെ പേരില്‍ മൊത്തം ഫണ്ടിലുള്ള തുകയുടെ 60 ശതമാനം തിരിച്ചുനല്‍കും. ബാക്കി 40 ശതമാനം തുക ഏതെങ്കിലും ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ ആന്വിറ്റി സ്കീമില്‍ നിക്ഷേപിക്കും. ഈ തുകയില്‍നിന്നുള്ള വരുമാനമുപയോഗിച്ച് ഇന്‍ഷുറന്‍സ് കമ്പനിയായിരിക്കും പെന്ഷന് നല്‍കുക. പെന്ഷന് നല്‍കാനുള്ള ബാധ്യതയില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും ഒഴിയുന്നു.
പഴയ പെന്ഷന് സ്കീമനുസരിച്ച് കേന്ദ്ര സര്‍വീസില്‍ പത്തുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ഒരു ജീവനക്കാരന് മിനിമം 9000 രൂപ പെന്ഷന് ലഭിക്കും. എന്നാല്‍, പങ്കാളിത്ത പെന്ഷന് പദ്ധതിയനുസരിച്ച് പത്തുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ജീവനക്കാരന് 3000 രൂപയില്‍ താഴെമാത്രമാണ് ആന്വിറ്റി ഇന്‍ഷുറന്‍സ് സ്കീമില്‍നിന്ന് പെന്‍ഷനായി ലഭിക്കുക. ഇതാണ് ഇപ്പോള്‍ പുനപരിശോധിക്കാന്‍ തീരുമാനിക്കുന്നത്.


