പെരുമ്പാവൂര്‍ : സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, ബോര്‍ഡ്, യൂണിവേഴ്സിറ്റി പരിക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും മറ്റു മേഖലകളിലെ മത്സരങ്ങളില്‍ വിജയം കൈവരിച്ച പ്രതിഭകള്‍ക്കും എം.എല്‍.എ അവാര്‍ഡ് നല്കി ആദരിക്കുമെന്ന് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സംസ്ഥാന സിലബസുകളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും അനുമോദിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും ഈ ചടങ്ങില്‍ വെച്ച് അനുമോദിക്കും. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പുരോഗതിക്കായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ യുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഇന്‍സ്പെയര്‍ പെരുമ്പാവൂര്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് അവാര്‍ഡ് നല്‍കുന്നത്.
പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട സ്കൂളുകളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികളുടെ പട്ടിക അതാത് വിദ്യാലയങ്ങളില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമെ നിയോജകമണ്ഡലത്തിലെ താമസക്കാരും എന്നാല്‍ പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിനു പുറത്തുള്ള സ്കൂളുകളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളും മണ്ഡലത്തില്‍ ഉള്‍പ്പെട്ട യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളും മറ്റു മേഖലകളിലെ മത്സരങ്ങളില്‍ വിജയം നേടിയ വ്യക്തികളും അപേക്ഷിച്ചാല്‍ മതിയാകും. അപേക്ഷകള്‍ ജൂണ്‍ ഒന്നാം തിയ്യതിക്ക് മുന്‍പായി പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള എം.എല്‍.എ ഓഫിസില്‍ നേരിട്ട് നല്‍കാവുന്നതാണ്.