രാജ്യത്ത് കൊവിഡ് പിടിമുറുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചത് നൂറൂപേരാണ്. ദിനംപ്രതി മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുകയാണ്. ഇതോടെ രാജ്യത്തെ കോവിഡ് 19 മരണസംഖ്യ 2649 ആയി ഉയര്‍ന്നു. 3967 കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 81,970 ആയി ഉയര്‍ന്നു. ഇതില്‍ 51,401 പേരാണ് ചികിത്സയിലുള്ളത്. 27,920 പേര് രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1602 കേസുകളാണ്. ഇതോടെ ആകെ കേസുകളുടെ എണ്ണം 27,524 ആയി ഉയര്‍ന്നു. 44 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മരിച്ചത്. രാജ്യതലസ്ഥാനത്ത് 8,470 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 115 പേര് ഇവിടെ കൊവിഡ് ബാധിച്ചു മരിച്ചു. വ്യാഴാഴ്ച മാത്രം 472 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ സ്ഥിതി രൂക്ഷമാവുകയാണ്. ഇന്നലെ മാത്രം 26 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് ബാധിച്ചത്. ഇതില്‍ ഏഴു പേര് വിദേശത്തു നിന്നും വന്നവരും രണ്ടുപേര്‍ ചെന്നൈയില്‍ നിന്നും നാലുപേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ ബംഗളൂരുവില്‍ നിന്നും വന്നതാണ്. 11 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്.


