മൂവാറ്റുപുഴ: സംസ്ഥാന ലഹരി വര്‍ജ്ജന മിഷന് വിമുക്തിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലഹരി വിമോചന ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായിട്ട് എറണാകുളം ജില്ലയില്‍ ആരംഭിക്കുന്ന ലഹരി വിമോചന ചികിത്സാ കേന്ദ്രം മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നഗരസഭയുടെയും, ആരോഗ്യ വകുപ്പിന്റെയും, എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ലഹരി വിമോചന ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഈ മാസം 22ന് വൈകിട്ട് മൂന്നിന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന് നിര്‍വ്വഹിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. ജോയ്സ് ജോര്‍ജ് എം.പി.മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ലഹരി വര്‍ജ്ജന മിഷന് വിമുക്തിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ലഹരി വിമോചന ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ നഗരസഭ പേവാര്‍ഡ് കോംപ്ലക്സില്‍ ലഹരി വിമോചന ചികിത്സാ കേന്ദ്രം ആരംഭിക്കുന്നത്. ലഹരിയ്ക്ക് അടിമപെട്ടവരെ ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ട് വരുന്നതിനാണ് ചികിത്സാ കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്.
ഒരു സൈക്കാട്രിസ്റ്റ്, ഒരു മെഡിക്കല്‍ ഓഫീസര്‍, ഒരു ക്ലിനിയ്ക്കല്‍ സൈക്കാട്രിസ്റ്റ്, സൈക്കാട്രിസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍, മൂന്ന് സ്റ്റാഫ് നഴ്സ്, മൂന്ന് സെക്കൂരിറ്റി, ഒരു ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനമാണ് ഇവിടെ ലഭ്യമാകുന്നത്. രാവിലെ ഒമ്പത് മുതല്‍ നാല് വരെയാണ് ഒ.പിയുടെ പ്രവര്‍ത്തനം, 10-പേരെ കിടത്തി ചികിത്സിക്കാവുന്ന ഐ.പിയും ഇവിടെ പ്രവര്‍ത്തിക്കും. ചികിത്സ തേടിയെത്തുന്നവര്‍ക്ക് മെഡിക്കല്‍ സൗകര്യവും, കൗണ്‍സിലിംഗും, തെറാപ്പി അടയ്ക്കമുള്ള ചികിത്സയും ഇവിടെ ലഭ്യമാക്കും. പരിപാടിയുടെ വിജയത്തിനായി എല്‍ദോ എബ്രഹാം എം.എല്‍.എ(ചെയര്മാന്), നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന് (കണ്‍വീനര്‍) എന്നിവര്‍ ഭരവാഹികളായി സ്വാഗത സംഘം രൂപീകരിച്ചു.


