ഡല്‍ഹി: ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഇതുവരെ 81 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗലക്ഷണമുള്ള 4000 പേരെ കണ്ടെത്തിയിട്ടുണ്ട്. അവര്‍ നിരീക്ഷണത്തിലാണെന്നും ആഭ്യന്തര, ആരോഗ്യ, വ്യോമയാന മന്ത്രാലയങ്ങളിലെ ഉന്നതോദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മിലാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ശനിയാഴ്ച ഇറ്റലിയിലേക്കു വിമാനമയക്കും. ഞായറാഴ്ച മടങ്ങിയെത്തും. റോമിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ട്. ഇറാനില്‍നിന്ന് 44 പേരെ വ്യോമസേനയുടെ വിമാനത്തില്‍ വെള്ളിയാഴ്ച മുംബൈയിലെത്തിച്ചു.ഇവര്‍ നാവികസേനാകേന്ദ്രത്തില് നിരീക്ഷണത്തിലാണ്. ഇറാനില്‍നിന്ന് ഇതുവരെ 1031 പേരുടെ സാംപിളുകള്‍ എത്തിച്ചിട്ടുണ്ട്. ഇറാനിലെത്തിയ ശാസ്ത്രജ്ഞര്‍ക്ക് താത്കാലിക ലാബ് സ്ഥാപിക്കാനുള്ള അനുമതി ഇറാന് അധികൃതര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


