കൊച്ചി: ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് സംബന്ധിച്ച തീരുമാനം അന്വേഷണ ഉദ്യോഗസ്ഥന് എടുക്കാമെന്ന് ഹൈക്കോടതി. പരാതി നല്കിയ കന്യാസ്ത്രീയ്ക്കെതിരായ ലഘുലേഖകള്‍ പ്രചരിപ്പിയ്ക്കരുതെന്നും കോടതി അറിയിച്ചു.അതേസമയം ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ഹര്‍ജി കോടതി തള്ളി. അറസ്റ്റ് ചെയ്യാത്തതു കൊണ്ട് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പറയാനാകില്ലെന്നും അന്വേഷണത്തില്‍ തൃപ്തി അറിയിച്ചു കൊണ്ട് കോടതി വ്യക്തമാക്കി.
ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുമെന്ന് സര്‍ക്കാറും അറിയിച്ചിരുന്നു. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരാണ് അറസ്റ്റ് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതെന്നും ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുമെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. ബിഷപ്പിനെ തിങ്കളാഴ്ച ചോദ്യം ചെയ്യുമെന്ന് പൊലീസും പറഞ്ഞിരുന്നു.നേരത്തെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം ജലന്ധറില്‍ എത്തിയ അന്വേഷണ സംഘം മിഷണറീസ് ജീസസ് മദര്‍ ജനറാള്‍ റജീന അടക്കമുള്ള കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സന്യാസിനി സമൂഹത്തിന്റെ ഉപദേശക സമിതി അംഗങ്ങളില്‍ നിന്നാണ് ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണ സംഘം മൊഴിയെടുത്തത്.
ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ കേരള പൊലീസ് സംഘം പഞ്ചാബ് പൊലീസിന്റെ സഹായം തേടിയിരുന്നു. പാസ്റ്ററല്‍ സെന്ററിലെ തെളിവെടുപ്പിന് ശേഷം അന്വേഷണ സംഘം അമൃത്സറിലേയ്ക്ക് പോയിരുന്നു. ഇവിടെ നിന്നും കന്യസ്ത്രീയുടെ സഹോദരന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴിയും പുറത്തെത്തിയിരുന്നു. പ്രാര്‍ത്ഥനയുടെ പേരില്‍ കന്യാസ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായതായാണ് പരാതിയില്‍ പറയുന്നത്. രാത്രിയില്‍ പോലും കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും അവര്‍ മൊഴി നല്‍കിയിരുന്നു.