മൂവാറ്റുപുഴ: തടിവ്യാപാരികളെ ചൂഷണം ചെയ്യുന്നരീതിയില്‍ തടിമര്ക്കറ്റിലെ അനധികൃത പരിവുകള്‍ ഒഴിവാക്കണമെന്ന് ടിംബര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.നികുതിയില്ലാതിരുന്ന റബര്തടിക്കും പാഴ്മരങ്ങള്ക്കും 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത് സാധാരണക്കാരായ കച്ചവടക്കാര്‍ തൊഴില്‍ ചെയ്തിരുന്ന മേഖല തകര്‍ച്ച നേരിടുന്നതിനു കാരണമായി.
നിരവധിപ്പേര്‍ക്ക് ദിവസവും തൊഴില്‍ നല്കുന്ന തടിവ്യാപാരികള്‍ നേരിടുന്ന പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകാണം. തടിലോഡുമായി പോകുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി വന്‍ പിഴ ഈടാക്കുന്ന മോട്ടോര്‍വാഹന വകുപ്പിന്റെയും പോലീസിന്റെയും നടപടി അവസാനിപ്പിക്കണം. ജിഎസ്ടിയും നോട്ടുനിരോധനവും മൂലം വന്‍പ്രതിസന്ധിയാണ് തടിവ്യാപാരികള്‍ നേരിടുന്നത്. തടിഉടമയും വ്യാപാരിയും തമ്മിലുണ്ടായിരുന്ന വിശ്വാസം നഷ്ടപെടുന്നതിന് ഇതു കാരണമായിട്ടുണ്ട്. ഉടമയ്ക്ക് കൃത്യസമയത്ത് പണം നല്കാന് കഴിയാത്ത സാഹചര്യമാണ് നിലവില്‍. ഇതു വ്യാപാര മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിനു പുറമെ തൊഴിലാളികള്‍ എല്ലാ വര്‍ഷവും പത്തുശതമാനത്തോളം കൂലിയില്‍ വര്‍ധന വരുത്തുന്നു. മറ്റു ചെലവുകളും ആനുപാതികമായി വര്‍ധിക്കുമ്പോള്‍ തടിയുടെ വിലയില്‍ നാലഞ്ചുവര്‍ഷമായി കാര്യമായ വര്‍ധനയുണ്ടാകുന്നില്ല. ഇതും കടുത്ത പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നും സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും സമ്മേളനം മുന്നറിയിപ്പ് നല്കി.
സമ്മേളനത്തിന് മുന്നോടിയായി മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാ പ്രസിഡന്റ് കെ.ജി.സത്യന് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം അസോസിയേഷന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വി.ടി.ജോണി ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ മേഖല സെക്രട്ടറി എം.കെ.മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി.ശ്രീനിവാസന് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് കെ.ജി.സത്യന് സംഘടനാറിപ്പോര്‍ട്ടും സെക്രട്ടറി ഷിഹാബ് കടവൂര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ എം.കെ.കോയക്കൂട്ടി, കോതമംഗലം താലൂക്ക് പ്രസിഡന്റ് ടോമി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.മോഹനന് സ്വാഗതവും ട്രഷറര്‍ മിഘോഷ് മാത്യു നന്ദിയും പറഞ്ഞു.
വൈകുന്നേരം കെഎസ്ആര്‍ടിസി പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ കെ.ജി.സത്യന് അധ്യക്ഷത വഹിച്ചു. എല്‍ദോ ഏബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. .സംസ്ഥാന പ്രസിഡന്റ് വക്കച്ചന് പുല്ലാട്ട് അംഗത്വവിതരണവും വര്‍ക്കിംഗ് പ്രസിഡന്റ് വി.ടി.ജോണി ചികിത്സാസഹായ വിതരണവും നടത്തി. സെക്രട്ടറി സി.എസ്.നാസര്‍ മുഖ്യപ്രഭാഷണം നടത്തി. എം.കെ.കോയാകുട്ടി, കെ.വി.ശ്രീനിവാസന്, സി.എച്ച്.മുനീര്‍, ഷിഹാബ് കടവൂര്‍, ഷൈസന്‍ പുല്‍പ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.