മുംബൈ: ബിഹാര്യുവതിയുടെ ബലാത്സംഗപരാതിയില്‍ ഡി.എന്‍.എ. പരിശോധനയ്ക്കു സമ്മതമറിയിച്ച് ബിനോയ് കോടിയേരി. രക്തസാംപിള്‍ നല്‍കണമെന്ന മുംബൈ ഓഷിവാര പോലീസിന്റെ ആവശ്യം ബിനോയ് അംഗീകരിച്ചു. അടുത്ത തിങ്കളാഴ്ച ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാകാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാരാശുപത്രിയില്‍ രക്തസാംപിളുകള്‍ ശേഖരിച്ചശേഷം മുംബൈ കലീനയിലെ ഫോറന്‍സിക് ലാബിലാണ് പരിശോധന നടത്തുക.
തിങ്കളാഴ്ച 12.15-ന് ഓഷിവാര പോലീസ് സ്റ്റേഷനില്‍ എത്തിയ ബിനോയിയെ അരമണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. 12.50-ന് തിരിച്ചുപോകുകയുംചെയ്തു.
പീഡനപരാതി നല്കിയ യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം അറിയാന്‍ പോലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയനാകണമെന്ന് ജാമ്യം അനുവദിച്ച മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. ഒരു മാസം എല്ലാ തിങ്കളാഴ്ചയും പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനോയ് തിങ്കളാഴ്ച പോലീസ് സ്റ്റേഷനിലെത്തിയത്.
ജൂലായ് മൂന്നിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനുശേഷം നാലിന് ഓഷിവാര പോലീസ് സ്റ്റേഷനിലെത്തിയ ബിനോയിയെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.


