തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം കാടര്‍ കോളനിയില്‍ നിന്ന് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.കാടര്‍ വീട്ടില്‍ കുട്ടന്റെ മകന് സജിക്കുട്ടന്‍(16) ആണ് മരിച്ചത്.
സജിക്കുട്ടനൊപ്പം കാണാതായ രാജശേഖരന്റെ മകന് അരുണ്‍ കുമാറിന്റെ മൃതദേഹം ഉച്ചയോടെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് രണ്ടാമത്തെ ആളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
തേന്‍ ശേഖരിക്കാനായി മരത്തില്‍ കയറിയപ്പോള്‍ അപകടം സംഭവിച്ചതാണോയെന്നാണ് നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നത്. എന്നാല്‍ കുട്ടികള്‍ എങ്ങനെ മരിച്ചുവെന്ന കാര്യത്തില്‍ പോലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇരുവരെയും കാണാതായത്. മാതാപിതാക്കള്‍ മരിച്ചുപോയതിനാല്‍ സജിക്കുട്ടന്‍ സഹോദരങ്ങളുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. സഹോദരങ്ങള്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി ദിവസങ്ങളായി വനത്തില്‍ പോയതിനാല്‍ സജികുട്ടനെ കാണാതായ വിവരം വൈകിയാണ് അറിഞ്ഞത്.
അരുണ്‍ വെള്ളിക്കുളങ്ങര ഗവ. യുപി സ്കൂള്‍ വിദ്യാര്‍ഥിയാണ്. അരുണിന്റെ അച്ഛൻ നേരത്തേ മരിച്ചുപോയി. മാനസിക വെല്ലുവിളി നേരിടുന്ന അമ്മ വീടിന് പുറത്തുപോകാറില്ല. ഇതിനാല്‍ അരുണിനെ കാണാതായ വിവരവും വൈകിയാണ് അറിയുന്നത്.
കുട്ടികള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ബന്ധുക്കളുടെ വീടുകളിലും അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ വന്നപ്പോഴാണ് ശനിയാഴ്ച പോലീസില്‍ പരാതി നല്‍കിയത്.
പരാതി ലഭിച്ച ഉടന്‍ വെള്ളിക്കുളങ്ങര പോലീസും വനപാലകരും ചേര്‍ന്ന് ഉച്ചവരെ വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസും വനംവകുപ്പും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇന്ന് രാവിലെ മുതല്‍ കുട്ടികള്‍ക്കായി വനത്തില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.


