തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിന്റെ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുത്തേക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥന് പ്രതിയായ കേസായതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാനിടയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹരികുമാര്‍ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്.
ഒളിവില്‍ പോയ ഡിവൈഎസ്പി ഹരികുമാറിനായി രാജ്യത്തെ വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച കൊടങ്ങാവിള സ്വദേശി ബിനുവും ഒളിവിലാണ്. ബിനുവിന്റെ വീടിന് സംരക്ഷണം ഏര്‍പ്പെടുത്തിയ പൊലീസ് നടപടിക്കെതിരെ നാട്ടുകാര്‍ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തി. 
കൊടങ്ങാവിളയില്‍ തിങ്കളാഴ്ച രാത്രിയാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കാവുവിള സ്വദേശി സനല്‍കുമാര്‍(32) കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു. സനലിനെ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പിന്നാലെ എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

