ബാഗ്ദാദ്: അമേരിക്കയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയുടെ സംസ്കാരം ഇന്ന് നടക്കും. ജന്മനാടായ കെർമനിലാണ് ചടങ്ങ്. കഴിഞ്ഞ ദിവസം ടെഹ്റാനിൽ നടന്ന പ്രാർത്ഥന ചടങ്ങിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ് എത്തിയത്. ഇതിനിടെ ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കെർമനിലെ സംസ്കാര ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും. സർക്കാർ പ്രഖ്യാപിച്ച ദുഖാചരണം ഇറാനിൽ തുടരുകയാണ്.
ഇതിനിടെ, ഇറാഖിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിക്കുമെന്ന വാർത്തകൾ പ്രതിരോധ മന്ത്രാലയം തള്ളി. സൈന്യത്തെ പിൻവലിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് കാണിച്ച് ഇറാഖിലെ അമേരിക്കൻ സൈനിക മേധാവി കത്ത് നൽകിയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തരം ഒരു തീരുമാനത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞു. സൈനിക മേധാവിയുടേതായി പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.