കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ കൊന്നയാളെ തിരിച്ചറിഞ്ഞു. കേസില്‍ എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ നാല് പേര് കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളില്‍ രണ്ട് മുഹമ്മദുമാര്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമോയെന്ന കാര്യത്തില്‍ നിയമോപദേശം തേടും. ഐജിയുമായും കമ്മീഷണറുമായും ചര്‍ച്ച നടത്തുമെന്നും ഡിജിപി പറഞ്ഞു.
അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. കൊല ആസൂത്രിതമാണെന്ന് അഭിമന്യുവിന്റെ അച്ഛന് മനോഹരന് ആരോപിച്ചു. അഭിമന്യുവിനെ വട്ടവടയില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. കോളെജിലെത്തി അരമണിക്കൂറിനകം കൊലപാതകം നടന്നു. കുറ്റക്കാരെ ഉടന്‍ പിടികൂടി പരമാവധി ശിക്ഷ നല്‍കണമെന്ന് മനോഹര്‍ പറഞ്ഞു.
അതേസമയം അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ടു എസ്ഡിപിഐയുടെ സംസ്ഥാന, ജില്ലാ നേതാക്കളെയടക്കം പൊലീസ് കരുതല്‍ തടങ്കലിലെടുത്തു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 886 പേരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണിവര്‍. ആലപ്പുഴയിലെ എസ്ഡിപിഐ സ്വാധീന മേഖലകളില്‍ പ്രതികള്‍ ഒളിവില്‍ കഴിയാന്‍ ശ്രമിച്ചേക്കാമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു പാര്‍ട്ടി ഓഫിസുകള്‍ കേന്ദ്രീകരിച്ചു പരിശോധന നടത്തിയത്.


