വാഷിംഗ്ടൺ: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാന് കമാന്‍ഡര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് ഇസ്ലാമിക റവല്യൂഷണറി ഗാര്‍ഡ് തലവന്‍ കാസിം സൊലൈമാനി. ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തിലാണ് അമേരിക്കന്‍ സൈനിക നടപടി. ആക്രമണത്തില്‍ സൊലൈമാനി ഉള്‍പ്പെടെ ഏഴ് പേര് കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാഖിലെ അമേരിക്കന്‍ എംബസി ആക്രമിച്ച പൗരസേന തലവനും കൊല്ലപ്പെട്ടു. ഖുദ്സ് സേനയെ ഭീകരസംഘമായി ഏപ്രിലില്‍ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇറാനിലെ ഖുദ് സേനയുടെ തലവനായിരുന്നു സൊലൈമാനി. കമാന്‍ഡറും സംഘവും വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോഴാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും തകരുകയായിരുന്നു.
സൊലൈമാനിയുടെ വധം ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന് ഇറാന് ആരോപിക്കുന്നു. നടപടി അമേരിക്കന്‍ പൗരന്മാരെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും ആരോപണമുണ്ട്. വ്യോമാക്രമണ വാര്‍ത്ത പുറത്ത് വന്നതിനുപിന്നാലെ ട്രംപ് അമേരിക്കന്‍ പതാക ട്വീറ്റ് ചെയ്തു. അതേസമയം, അമേരിക്കന്‍ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന് വ്യക്തമാക്കി. ബാഗ്ദാദില്‍ യുഎസ് എംബസിക്കു മുന്നില്‍ വലിയ തോതില്‍ പ്രതിഷേധം ഉയരുകയും സ്ഥലത്തുണ്ടായിരുന്ന അമേരിക്കന്‍ സൈന്യത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനു പിന്നാലെയാണ് യുഎസ് സൈനിക നടപടി. എംബസിക്കു നേരെയുണ്ടായ ആക്രമണം സൊലൈമാനിയുടെ നിര്‍ദേശപ്രകാരമാണെന്നാണ് പെന്റഗണ്‍ വിലയിരുത്തല്‍. നിരവധി അമേരിക്കക്കാരുടെ മരണത്തിന് സൊലൈമാനിയും ഖുദ്സ് ഫോഴ്സും ഉത്തരവാദികളാണെന്നു പെന്റഗണ്‍ വിശദീകരിക്കുന്നു.


