കുവൈത്തിലും അബുദബിയിലുമായി നാലു മലയാളികൾ കൂടി കോവിഡ് 19 ബാധിച്ചു മരിച്ചു. കുവൈത്തിലും അബുദബിയിലും രണ്ടു പേർ വീതമാണ് മരിച്ചത്. സാമൂഹ്യ പ്രവർത്തകൻ പി.കെ കരീം ഹാജി അബുദബിയിൽ കോവിഡ് ബാധിച്ചു മരിച്ചു. അറുപത്തിരണ്ടു വയസായിരുന്നു. തൃശൂർ തിരുവത്ര സ്വദേശിയായ കരീം ഹാജി, അബുദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ, കെ.എം.സി.സി തുടങ്ങിയവയുടെ ഭാരവാഹിയായിരുന്നു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി പ്രിൻസി റോയ് മാത്യുവും കോവിഡ് ചികിൽസക്കിടെയാണ് അബുദബിയിൽ മരിച്ചത്. നാൽപ്പത്താറു വയസായിരുന്നു. അബുദബി ഇന്ത്യൻ സ്കൂൾ അധ്യാപികയായിരുന്നു.
ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം ഇരുപത്തിരണ്ടായി. പത്തനംതിട്ട ളാഹ ഇടയാന്മുള സ്വദേശി രാജേഷ് കുട്ടപ്പനാണ് കുവൈത്തിൽ മരിച്ചത്. അൻപത്തിരണ്ടു വയസായിരുന്നു. ബദർ അൽ മുല്ല കമ്പനി ജീവനക്കാരനായിരുന്ന രാജേഷ്, ജാബർ ആശുപത്രിയിൽ ചികിൽസയിലായിരിക്കെയാണ് മരിച്ചത്.


