തിരുവനന്തപുരം: തട്ടിക്കൊണ്ടുപോയി രണ്ട് ദിവസം റിസോര്‍ട്ടില്‍ കെട്ടിയിട്ട ശേഷം 50 ലക്ഷം രൂപ നല്‍കാമെന്ന് ഉറപ്പുപറഞ്ഞതോടെയാണ് തന്നെ വിട്ടയച്ചതെന്ന് കാമുകിയും സംഘവും തട്ടിക്കൊണ്ടുപോയ പ്രവാസിയായ യുവാവ് മുഹയുദ്ദീന്‍ പറഞ്ഞു. റിസോര്‍ട്ടില്‍ വച്ച് തന്റെ പക്കലുണ്ടായിരുന്ന 15 ലക്ഷം രൂപ, രണ്ടു ഫോണ്‍, സ്വര്‍ണ്ണാഭരങ്ങള്‍ എന്നിവ കവര്‍ന്നു. ഫെബ്രുവരി 22ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് തമിഴ്നാട് തക്കല സ്വദേശിയായ മുഹയുദീനെ തട്ടിക്കൊണ്ടുപോയത്. കാമുകിയായിരുന്ന ഇന്ഷ, സഹോദരന് ഷഫീഖ് എന്നിവരാണ് മുഖ്യപ്രതികള്‍.
ഈ ബന്ധത്തില്‍ നിന്ന് വിട്ടുപോകാന്‍ തനിക്ക് ഒരു കോടി രൂപ വേണമെന്ന് ഇന്ഷ ആവശ്യപ്പെട്ടു. ഗള്‍ഫില്‍ പോയി പണം നല്‍കാമെന്നേറ്റപ്പോള്‍ യാത്രയ്ക്കുള്ള ടിക്കറ്റ് ഇന്ഷ തന്നെ എടുത്തു നല്കി. തിരിച്ചെത്തിയപ്പോള്‍ പണം ലഭിക്കില്ലെന്ന സൂചന കിട്ടിയതോടെ സഹോദരന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മുഹയുദീനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
രണ്ട് ദിവസത്തിന് ശേഷം വിമാനത്താവളത്തിനു മുന്നില്‍ ഉപേക്ഷിച്ചു. മുഹയുദ്ദീന്‍ നല്കിയ പരാതിയിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഇഷയുടേയും സഹോദരന്റെയും സുഹൃത്തുക്കളായ രാജേഷ്, ഷാജാസ്, അഷിഖ്, അന്‍സില്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.