അജ്മാന്: സ്വര്‍ണ്ണ കടത്തു വിവാദം ഖുര്‍ആന്‍ വിരുദ്ധ പ്രക്ഷോഭമായി പ്രചരിപ്പിക്കുന്ന ഇടത് മുന്നണിയും മന്ത്രി കെടി ജലീലും കേരള സമൂഹത്തോട് മാപ്പ് പറയണമെന്ന് അജ്മാന് കെഎംസിസി വടകര മണ്ഡലം ജനറല്‍ സെക്രട്ടറി ഷംനാസ് കണ്ണൂക്കര. സിപിഎം പ്രതിരോധത്തില്‍ ആവുമ്പോള്‍ ഖുര്‍ആന്‍ ഒരു പരിച ആക്കുന്നത് അപഹാസ്യമാണ്.
പ്രവാചക വിരുദ്ധ കൃതികള്‍ രചിച്ച തസ്ലീമയെ സല്‍ക്കരിച്ചത് മാര്‍ക്സിസ്റ്റു പാര്‍ട്ടി നേതാക്കള്‍ ആയിരുന്നു. ബ്രിട്ടീഷ് എഴുത്തുകാരനായ സല്മാന് റുഷ്ദിയുടെ അങ്ങേയറ്റം പ്രവാചക വിരുദ്ധ ഗ്രന്ഥം ആയ ‘സാത്താനിക്ക് വെയ്സസ് ‘ മുസ്ലിം ലീഗ് എംപി ബനാത് വാല സാഹിബിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിരോധിച്ചപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യം എന്ന് മുറവിളി കൂട്ടി പുസ്തക നിരോധനത്തിനെതിരെ ഹാലിളകിയത് സിപിഎം പാര്‍ട്ടിയുടെ എംപിമാര്‍ക്ക് ആയിരുന്നു.
സിപിഐഎം കോഴിക്കോട് ജില്ല കമ്മിറ്റി ഔദ്യോഗികമായി തന്നെ സര്‍ക്കുലറില്‍ പ്രവാചക കാലഘട്ടത്തിലെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധക്കാര്‍ ആയി മുദ്ര കുത്തിയതും മറന്നിട്ടില്ല. സിപിഎമ്മിന് ഇപ്പോള്‍ കാണിക്കുന്ന മുസ്ലിം മുഹബ്ബത്ത് നാടകമാണെന്നും ഷംനാസ് കണ്ണൂക്കര കൂട്ടി ചേര്‍ത്തു.


