തൊടുപുഴ : കുവൈറ്റ്, യു.എ.ഇ. സൗദി അറേബ്യാ, ബഹ്റിന്, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങലിലെ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലായ ഇന്ത്യന്‍ തൊഴിലാളികളുടെ 2 മാസത്തെ വാടക ഇന്ത്യന്‍ കമ്മ്യൂമിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും നല്കാന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി പ്രധാനമന്ത്രിയ്ക്കും വിദേശ കാര്യമന്ത്രിയ്ക്കും കത്ത് നല്കി.
ഗള്‍ഫ് നാടുകളില്‍ ഉപജീവനത്തിനായി പോയിട്ടുള്ള കേരളീയര്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യാക്കാരായിട്ടുള്ള സാധാരണ തൊഴിലാളികള്‍ കോവിഡ്-ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കാതെ ലേബര്‍ക്യാമ്പുകളിലും മറ്റും തിങ്ങി ഞെരുങ്ങിക്കഴിയുകയാണ്. ഭൂരിഭാഗം ക്യാമ്പുകലിലും ഒരു മുറിയില്‍ 15-മുതല്‍ 20 വരെ ആളുകളാണ് താമസിച്ചുവരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം വാടകപോലും നല്കാനാവാത്ത അവസ്ഥയിലാണ് ഭൂരിഭാഗം പ്രവാസികളും. കെട്ടിട ഉടമകള്‍ വാടക നല്‍കാത്തതിനെത്തുടര്‍ന്ന് താമസമൊഴിപ്പിക്കുമെന്ന ഭീഷണിയും രോഗപീഡയും മൂലം കടുത്ത മാനസിക പിരിമുറുക്കത്തിലുമാണ് അവര്‍ കഴിഞ്ഞുവരുന്നതെന്ന് അവിടങ്ങളില്‍ നിന്നും തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നിരവധി ഫോണ്‍ കോളുകളില്‍ നിന്നും മനസിലാകുന്നത് എന്ന് എം.പി. പറഞ്ഞു.
ലേബര്‍ ക്യാമ്പുകളില്‍ ഒട്ടും സുരക്ഷികരല്ല ഈ തൊഴിലാളികളെന്നും ആര്‍ക്കെങ്കിലും കോവിഡ് ബാധയുണ്ടായാലുള്ള സ്ഥിതി ചിന്തിക്കുന്നതിലും അപ്പുറമാണ്. ആയതിനാല്‍ വിദേശകാര്യമന്ത്രായലം എംബസ്സികളുമായി ബന്ധപ്പെട്ട് ലേബര്‍ ക്യാമ്പുകളില്‍ അധികമായി കഴിയുന്ന തോഴിലാളികളെ ഉചിതമായ മറ്റ് സ്ഥലങ്ങള്‍ കണ്ടത്തി പരമാവധി സാമൂഹിക അകലം പാലിച്ചുകൊണ്ട് മാറ്റിപ്പാര്‍പ്പിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.
പ്രവാസികളുടെ ക്ഷേമത്തിനായുള്ള ഇന്ത്യന്‍ കമ്മ്യൂമിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ ധാരളം നീക്കിയിരുപ്പ് ഫണ്ട് ഉള്ളതായാണ് മനസിലാക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഭൂരിഭാഗം പ്രവാസികളും പ്രതിസന്ധിയിലായിരിക്കുന്ന ഈ സമയത്ത് ഈ ഫണ്ടില്‍ നിന്നും തുക കണ്ടെത്തി തൊഴിലാളികളുടെ 2 മാസത്തെ വാടകയും ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം, മരുന്ന് എന്നിവയും അടിയന്തിരമായി നല്‍കുന്നതിന് വിദേശകാര്യമന്ത്രായലം ശക്തമായ ഇടപെടല്‍ നടത്തണമെന്നും എം.പി. ആവശ്യപ്പെട്ടു.