കല്പറ്റ : പ്രമുഖ പ്രവാസി വ്യവസായി അറയ്ക്കല്‍ ജോയിയുടെ സംസ്കാരം മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടത്തി. രാവിലെ ഏഴരയോടെ ജോയിയുടെ മാതാവ് ത്രേസ്യയുടെ കല്ലറയോട് ചേര്‍ന്നുള്ള കുടുംബക്കല്ലറയിലാണ് മൃതദേഹം സംസ്കരിച്ചത്. കത്തീഡ്രല്‍ പള്ളി വികാരി ഫാ. പോള്‍ മുണ്ടോലിക്കല്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
പ്രത്യേക വിമാനത്തില്‍ ദുബായില്‍ നിന്നു വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കോഴിക്കോട് എത്തിച്ച മൃതദേഹം 12 മണിയോടെയാണ് മാനന്തവാടിയില്‍ ജോയിയുടെ വസതിയായ അറക്കല്‍ പാലസില്‍ എത്തിച്ചു. ജോയിയുടെ ഭാര്യ സെലിന്, മക്കളായ അരുണ്‍ ജോയി, ആഷ്ലി ജോയി, ജോയിയുടെ പിതാവ് ഉലഹന്നാന്, സഹോദരന് ജോണി എന്നിവര്‍ക്കൊപ്പം 20 പേര്‍ക്കു മാത്രമേ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്കിയിരുന്നുള്ളൂ.
എംഎല്‍എമാരായ ഒ.ആര്.കേളു, ഐ.സി.ബാലകൃഷ്ണന് എന്നിവര്‍ രാവിലെ അറയ്ക്കല്‍ പാലസിലെത്തി റീത്ത് സമര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി എഡിഎം തങ്കച്ചന് ആന്റണി റീത്ത് സമര്‍പ്പിച്ചു. സംസ്കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ പ്രദേശത്ത് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണം.


