ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്നും അയോഗ്യനാക്കിയതിനെ തുടര്‍ന്ന് ഒഴിവുവന്ന വയനാട്ടില്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ല. കര്‍ണാടകാ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും എന്നായിരുന്നു സൂചന. എന്നാല്‍ കര്‍ണാടക തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന് വയനാട് പരാമര്‍ശിച്ചതേയില്ല.
ഇതോടെ ഉടന്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ല എന്ന കാര്യം ഉറപ്പായി. വയാനാടിനെ കുറിച്ചുള്ള ചോദ്യത്തിന് ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തിയാല്‍ മതി എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
കര്‍ണാടകയിലെ കോലാറില്‍ 2019 ല്‍ ഒരു പൊതുയോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസിലാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്. സൂറത്തിലെ ചീഫ് മെട്രോ പോളിറ്റന്‍ കോടതിയാണ് അദ്ധേഹത്തിന്റെ എംപിസ്ഥാനം റദ്ദാക്കിയത്. തുടര്‍ന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് അദ്ധേഹത്തെ അയോഗ്യനാക്കി പ്രഖ്യാപിച്ചിരുന്നു. കീഴ് കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.