കോട്ടയം: പതുപ്പള്ളിയില്‍ രാഷ്ട്രീയ പോരാട്ടം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായി ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്ക് സി. തോമസിനെ പ്രഖ്യാപിച്ചശേഷം വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
എം.വി. ഗോവിന്ദന് പറഞ്ഞത്
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എല്ലാ വികസനപ്രവര്‍ത്തനങ്ങളേയും സംഘടിതമായി എതിര്‍ക്കുകയാണ്. ഒരുകാര്യവും കേരളത്തില്‍ നടക്കാന്‍ പാടില്ല. കാരണം, കേരളത്തില്‍ വികസന പ്രവര്‍ത്തനത്തിന് വോട്ട് ഉണ്ട് എന്ന് മനസ്സിലായത് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ്. വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ല എന്ന് അജണ്ട വെച്ച് തീരുമാനിച്ച ഒരു പ്രതിപക്ഷമായിരുന്നു ഇത്. കെ. റെയിലിന്റെ കാര്യത്തില്‍, ദേശീയപാതാ വികസനത്തിന്റെ കാര്യത്തില്‍, കെ ഫോണ്‍ പദ്ധതി, തുടങ്ങി പല പദ്ധതികളും അംഗീകരിക്കാന്‍ കൂട്ടാക്കാതെ അഴിമതിയുടെ പുകമറ സൃഷ്ടിച്ച് എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ജനങ്ങള്‍ അംഗീകരിച്ചില്ല. – എം.വി. ഗോവിന്ദന് പറഞ്ഞു.
കോട്ടയം മണര്‍കാട് സ്വദേശിയായ ജെയ്ക്ക് എസ്.എഫ്.ഐ.യുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. നിലവില്‍ ഡി.വൈ.എഫ്.ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമാണ്. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സില്‍ അണ്ണാമലൈ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം. യുവജനക്ഷേമ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 33-കാരനായ ജെയ്ക്കിന് പുതുപ്പള്ളിയില്‍ ഇത് മൂന്നാമങ്കമാണ്.