കൊച്ചി: കൊച്ചി മേയറെ മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം മൂത്ത് എറണാകുളം ഡിസിസി ആസ്ഥാനത്ത് കയ്യാങ്കളി. നേതാക്കള്‍ ചിതറിയോടി. ഇന്ന് രാവിലെ കെ വി തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കയ്യാങ്കളി. ഇന്ദിര ഗാന്ധി അനുസ്മരണം നടക്കുന്നതിനിടെയാണ് സംഭവം. കയ്യാങ്കളി നടത്തിയ ബ്ലോക്ക് വൈസ്. പ്രസിഡന്റ് നോര്‍മന്‍ ജോസഫിനെ ഡിസിസി പ്രസഡിന്റ് സസ്പെന്‍ഡ് ചെയ്തു. മേയര്‍ സൗമിനി ജെയിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് വൈസ് പ്രസിഡന്റ് നോര്‍മന്‍ ജോസഫ് രംഗത്തെത്തിയതോടെയാണ് ചടങ്ങ് അലങ്കോലമായത്. ഇന്ദിര ഗാന്ധി അനുസ്മരണ ചടങ്ങില്‍ എന്‍ വേണുഗോപാല്‍ സംസാരിച്ച് കഴിഞ്ഞ ഉടനെയാണ് അപ്രതീക്ഷിതമായി നോര്‍മന്‍ ജോസഫ് മേയറെ ഉടന്‍ മാറ്റണമെന്ന് എണീറ്റ് നിന്ന് കൊണ്ട് ആവശ്യപ്പെട്ടത്. ഈ മേയറെ വെച്ച് കൊണ്ട് ഇനിയും മുന്നോട്ട് പോകാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.
അനുസ്മരണ സമ്മേളനത്തിനിടെ അപ്രതീക്ഷിത ആവശ്യത്തില്‍ ചടങ്ങില്‍ പങ്കെടുത്തവരെല്ലാം സ്തബ്ദരായി. കെ ബാബു, കെ വി തോമസ്, ഡൊമനിക് പ്രസന്റേഷന് തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ ചടങ്ങിലുണ്ടായിരുന്നു. മേയര്‍ താനടക്കമുള്ള നേതാക്കളോട് പോലും മാന്യമായി പെരുമാറുന്നില്ല എന്നടക്കമുള്ള കാര്യങ്ങള്‍ നോര്‍മല്‍ ജോസഫ് ഉന്നയിച്ചു. തുടര്‍ന്ന് ഇയാളെ പിടിച്ച് മാറ്റാന്‍ മറ്റു നേതാക്കള്‍ ശ്രമിച്ചപ്പോള്‍ അവരെ തള്ളി മാറ്റുകയായിരുന്നു. തുടര്‍ന്ന് ആക്രോശവും ഉന്തും തള്ളുമായി ചടങ്ങ് അലങ്കോലമായി.
കൊച്ചി മേയര്‍ സൗമിനി ജെയിനെ മാറ്റുന്നതിനായി നേരത്തെ എറണാകുളത്തെ മുതിര്‍ന്ന നേതാക്കള്‍ കെപിസിസിയെ സമീപിച്ചിരുന്നു. എന്നാല്‍ കൗണ്‍സിലര്‍മാര്‍ സൗമിനി ജെയിന് അനുകൂലമായി നിലയുറപ്പിച്ചതോടെ തര്‍ക്കം രൂക്ഷമായി. ഹൈബി ഈഡന് എംപിയടക്കമുള്ളവര്‍ സൗമിനി ജെയിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു. മേയര്‍ മുന്‍ എസ്എഫ്ഐക്കാരിയാണെന്നും കോണ്‍ഗ്രസിനെ പഠിക്കാന്‍ ഒമ്പത് വര്‍ഷം മതിയാകില്ലെന്നും ഹൈബി ഈഡന് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.