ടി പി രാമകൃഷ്ണൻ എൽഡിഎഫ് കൺവീനർ; എൽഡിഎഫ് എംഎൽഎമാരുടെ ഏകോപന ചുമതലയുള്ള നേതാവ് കൂടിയാണ് ടി പി
തിരുവനന്തപുരം: എൽഡിഎഫ് കൺവീനറായി ടി പി രാമകൃഷ്ണനെ ചുമതലപ്പെടുത്തിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒന്നാം പിണറായി വിജയൻ മന്ത്രി സഭയിൽ എക്സൈസ്- തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു ടിപി രാമകൃഷ്ണൻ. നിയമസഭയിൽ പേരാമ്പ്ര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടി പി നിലവിൽ എൽഡിഎഫ് എംഎൽഎമാരുടെ ഏകോപന ചുമതലയുള്ള നേതാവ് കൂടിയാണ്.
ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നീക്കിയത്. ഇന്നത്തെ സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ഇ പി പങ്കെടുത്തില്ല. ഇ പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ മുന്നണിക്കുള്ളിൽ നിന്നും കടുത്ത അതൃപ്തി ഉയർന്നിരുന്നു. ഇ പി നേരത്തെ കണ്ണൂരിലെ വീട്ടിലേക്കെത്തിയെങ്കിലും വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.
ലൈംഗികാരോപണ വിധേയനായ എം മുകേഷ് എംഎൽഎ രാജിവയ്ക്കേണ്ടതില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മുകേഷിന്റെ രാജിയിൽ വലിയ പ്രചരണമാണ് നടക്കുന്നത്. പാർട്ടി ഇതേ പറ്റി വിശദമായി പഠിച്ചു. 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. അവരാരും എംപി സ്ഥാനമോ എംഎൽഎ സ്ഥാനമോ രാജി വെച്ചിട്ടില്ല. കേരളത്തിൽ രണ്ട് എംഎൽഎമാർക്ക് എതിരെ കേസുണ്ട്. ഉമ്മൻചാണ്ടി മുതലുള്ള ആളുകളുടെ പേരിൽ കേസുണ്ട്. അവരാരും രാജി വെച്ചിട്ടില്ലന്നും സെക്രട്ടറി പറഞ്ഞു.


