കോട്ടയം: ഒടുവില്‍ പാലാ മാണിസാറിന്റെ മരുമകള്‍ക്ക് തന്നെ കൊടുക്കാന്‍ കേരളകോണ്‍ഗ്രസ് കോണ്‍ഗ്രസ് ലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. പാലായില്‍ കെ എം മാണിക്ക് പകരം നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ധാരണ. നിഷയുടെ സ്ഥാനാര്‍ത്ഥിത്വമാണ് തുടക്കം മുതല്‍ കേട്ടിരുന്നതും. എന്നാല്‍ മത്സരത്തിനില്ലെന്ന തീരുമാനമായിരുന്നു നിഷയുടേത്. ഇതാകട്ടെ നിഷ ഉറപ്പിച്ച് പറഞ്ഞിരുന്നുമില്ല. 32കാരനെ മുതല്‍ 85കാരനെ വരെ പാലായില്‍ സ്ഥാനാര്‍ത്ഥി കുപ്പായമോഹം നല്‍കിയശേഷമാണ് അവസാന ഘട്ടത്തില്‍ നിഷയിലേക്ക് മാത്രം പേരെത്തിയത്. നിഷയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യൂത്ത്ഫ്രണ്ടും വനിതാ വിഭാഗവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കെ എം മാണിയുടെ മണ്ഡലം എന്ന നിലയില്‍ പാലായുടെ കാര്യത്തില്‍ ജോസ് കെ മാണിയുടെ താല്പര്യങ്ങള്ക്കുതന്നെയാണ് യുഡിഎഫ് വിലകല്‍പ്പിക്കുന്നത്. പുറത്തുനിന്ന് ആരെങ്കിലും സ്ഥാനാര്‍ത്ഥി ആയിവന്നാല്‍ ഒരുകൂട്ടം സ്ഥാനാര്‍ഥി മോഹികളായ നേതാക്കളുടെ എതിര്‍പ്പുകൂടി യുഡിഎഫ് അതിജീവിക്കേണ്ടിവരും. മാണി സാറിന്റെ പിന്‍ഗാമിയായി കുടുംബത്തില്‍ നിന്നൊരാള്‍ തന്നെ വരുന്നതിനെ പാര്‍ട്ടിയിലെ മറ്റ് നേതാക്കളും എതിര്ക്കില്ലന്നെതും നിഷയിലേക്കെത്താന് കാരണമായി. പിജെ ജോസഫിനെക്കൂടി അനുനയിപ്പിച്ച് സ്ഥാനാര്‍ത്ഥിത്വം രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കാനാണ് മുതിര്‍ന്ന മുന്നണി നേതാക്കള്‍ എടുത്തിരിക്കുന്ന ധാരണ. ഇതിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിതലയും ജോസഫുമായി ചര്‍ച്ച നടത്തുകയാണ്.
ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയായാല്‍ ചിഹ്നം നല്കില്ലന്നും പാലായിലെ സ്ഥാനാര്‍ത്ഥി ആരാണെന്ന് നാളെ തീരുമാനിക്കുമെന്നുമുള്ള ജോസഫിന്റെ പ്രഖ്യാപനവും മുന്നണിക്ക് തലവേദനയാവുകയാണ്.