തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന് (95) അന്തരിച്ചു. മുന്‍ മന്ത്രിയും, സ്പീക്കറും, ഗവര്‍ണറുമായിരുന്ന വക്കത്തിന്റെ അന്ത്യം തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു
അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വക്കം മൂന്നു തവണ മന്ത്രിയായി. രണ്ട് ടേം ലോക്സഭാംഗമായിരുന്നു. രണ്ട് തവണയായി ഏറ്റവും കൂടുതല്‍കാലം നിയമസഭാ സ്പീക്കര്‍ സ്ഥാനം വഹിച്ച റെക്കോഡും വക്കം പുരുഷോത്തമന്റെ പേരിലായിരുന്നു.
ആറ്റിങ്ങലിലെ വക്കത്ത് ഭാനു പണിക്കര്‍-ഭവാനി ദമ്പതിമാരുടെ മകനായി 1928 ഏപ്രില്‍ 12-ന് ജനിച്ച ഇദ്ദേഹം, സ്റ്റുഡന്റ്സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ഥി സംഘടനയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നത്. തിരുവനന്തപുരം ഡി.സി.സി. സെക്രട്ടറി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
1971-77 കാലത്തെ അച്യുതമേനോന് മന്ത്രിസഭയില്‍ വക്കം കൃഷി, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. തുടര്‍ന്ന് വന്ന നായനാര്‍ സര്‍ക്കാരില്‍ ആരോഗ്യ, ടൂറിസം മന്ത്രിയായി.
1982-84 കാലത്തും പിന്നീട് 2001 മുതല്‍ 2004 വരെയും അദ്ദേഹം സ്പീക്കര്‍ സ്ഥാനം വഹിച്ചു. 80 കളില്‍ പാര്‍ലമെന്റിലേക്ക് തട്ടകം മാറ്റിയ വക്കം 1984 മുതല്‍ 1991 വരെ ലോക്സഭാംഗമായിരുന്നു. 2004-ലില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ധനകാര്യ- എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു
1993-96 കാലത്ത് ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരുന്നു. 2011 മുതല്‍ 2014 വരെ മിസോറം ഗവര്‍ണറായിരുന്നു. 2014 ജൂണ്‍ 30 മുതല്‍ 2014 ജൂലൈ 14 വരെ ത്രിപുരയുടെ ഗവര്‍ണറായി അധിക ചുമതലയും വഹിച്ചിരുന്നു. തിരക്കുള്ള അഭിഭാഷകനായിരുന്ന വക്കം, ആര്.ശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. ഡോ. ലില്ലിയാണ് വക്കം പുരുഷോത്തമന്റെ ഭാര്യ. രണ്ട് ആണ്മക്കളും ഒരു മകളുമുണ്ട്.


