ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യമില്ലാത്തതിനെതിരെ വിമർശനവുമായി ദീപിക എഡിറ്റോറിയൽ. ക്രൈസ്തവ പ്രാതിനിധ്യമില്ലാത്തത് ഖേദകരം ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കാൻ ബിജെപി സർക്കാർ തയ്യാറായില്ല. കോടതി ഇടപെടൽ ഇല്ലെങ്കിൽ ന്യൂനപക്ഷങ്ങൾക്ക് നീതി അപ്രാപ്യമാക്കുന്ന സ്ഥിതിയെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. ക്രൈസ്തവരെ അത്രപോലും വിലമതിക്കുന്നില്ല എന്നതിന് ഉദാഹരണമാണ് ഇതെന്ന് എഡിറ്റോറിയൽ വിമർശിച്ചു.
ഒരുവശത്ത് ക്രൈസ്തവരെ ലക്ഷ്യമാക്കി നിയമങ്ങളും ഭേദഗതികളും കൊണ്ടുവരുന്നു. ആ സമയത്ത് ന്യൂനപക്ഷ കമ്മീഷൻ ഒരു ഔദ്യോഗികത മാത്രമായി ചുരുങ്ങിയെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തി. ബിജെപി ഭരണത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്നവർക്ക് ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാതെ വയ്യ. 2020ൽ ജോർജ് കുര്യൻ സ്ഥാനമൊഴിഞ്ഞത് മുതൽ മറ്റാരെയും കൊണ്ടുവന്നിട്ടില്ലെന്ന് എഡിറ്റോറിയൽ ചൂണ്ടിക്കാട്ടി.
എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും വ്യക്തിഗത സാന്നിധ്യം നിയമപരമല്ല. എങ്കിലും ക്രൈസ്തവരെ ദേശീയതലത്തിൽ കേൾക്കുന്നതിന് ഇത് ആവശ്യമാണെന്ന് എഡിറ്റോറിയലിൽ പറയുന്നു. ഇക്കാര്യം പലതവണ സഭാ നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത് ആണ്. മുസ്ലിം പാഴ്സി വിഭാഗത്തിൽ നിന്നും രണ്ടുപേരെ കഴിഞ്ഞദിവസം നിയമിച്ചിരുന്നു. കോടതി ഇടപെട്ടതിനെത്തുടർന്നാണ് ഈ നടപടി സ്വീകരിച്ചത്. ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവർ വന്നിട്ട് എന്തിനാണെന്ന് ചോദ്യം ഉയർന്നേക്കാം. തുല്യരായി കാണുന്നുവെന്ന് വാദിക്കാനുള്ള കച്ചിത്തുരുമ്പ് എങ്കിലും ആയേക്കാമെന്ന് ദീപിക എഡിറ്റോറിയൽ പറയുന്നു.


