ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് ആറുമാസത്തിനകം മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്കി. എത്ര തുകയെന്നതില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാമെന്നും നഷ്ടപരിഹാരം നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പണമായി സഹായം നല്കാന് ആവില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമപരമായ ഉത്തരവാദിത്തത്തിലെ വീഴ്ചയാണെന്ന് പറഞ്ഞു. തുടർന്നാണ് ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി പറഞ്ഞത്. മരണ സര്‍ട്ടിഫിക്കിറ്റിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലളിതമാക്കണമെന്നും കോടതി പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ അതോറിട്ടി ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നും കേസ് പരിഗണിക്കുന്ന വേളയില്‍ സുപ്രീംകോടതി കുറ്റപ്പെടുത്തി. ധനസഹായം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.


