പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് ആരംഭമാകും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷന് ഫെബ്രുവരി 11 വരെ നീണ്ടു നില്ക്കും. സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് 14 ന് ആരംഭിച്ച് ഏപ്രില്‍ എട്ടിന് അവസാനിക്കും.
പാര്‍ലമെന്റ് സമ്മേളനത്തില്‍ പെഗസിസ് വിഷയം ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇടപാടിനെക്കുറിച്ച് നേരിട്ട് അറിയാമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
അതേസമയം ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച് ആശങ്ക പരക്കുന്ന സാഹചര്യത്തില്‍ ബജറ്റിന് മുന്നോടിയായി സംഘടിപ്പിക്കാറുള്ള ഹല്‍വ ചടങ്ങ് ധനമന്ത്രാലയം ഒഴിവാക്കി. പകരം പ്രധാനപ്പെട്ട ജീവനക്കാര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
ബജറ്റിന്റെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുന്നതിനായി രേഖകള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് പുറത്തു പോകുന്നതില്‍ വിലക്കുണ്ട്. അവരുടെ ‘ലോക്ക് ഇന്‍’ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഹല്‍വ ചടങ്ങ് നടത്തുന്നത്.
അതേസമയം ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ആദായ നികുതിയിളവ് പ്രഖ്യാപിക്കുമെന്ന് സൂചന. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ഞെരുക്കം മൂലമാണ് ആദായ നികുതി ഇളവിനെ കുറിച്ച് കേന്ദ്രം ആലോചിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനപ്രിയ ബജറ്റ് ആകാനാണ് സാധ്യത.
കോവിഡിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ജനകീയ പ്രഖ്യാപനങ്ങള്‍ ഫെബ്രുവരി ഒന്നിലെ കേന്ദ്രബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. ഉത്തര്‍പ്രദേശ്, പഞ്ചാബ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് വോട്ടില്‍ കണ്ണുംനട്ട് പല നിര്‍ദേശങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കാം. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ നേരത്തെ കുറെ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്കു കൂടുതല്‍ പരിഷ്കരണ പ്രഖ്യാപനങ്ങള്‍ക്കു സര്‍ക്കാര്‍ മുതിരാന്‍ സാധ്യതയില്ല.
എന്നാല്‍ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. നിലവിലെ സ്ലാബ് പ്രകാരം 10 ലക്ഷം വരെ വാര്‍ഷിക വരുമാനുള്ളവര്‍ക്ക് 30 ശതമാനമാണ് നികുതി. ഇത് 15 ലക്ഷം വരെ 20 ശതമാനമാക്കാന്‍ സാധ്യതയുണ്ട്. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം വരെ ആക്കിയേക്കും. കോര്‍പറേറ്റ് നികുതി നിരക്കുകളില്‍ നേരത്തേതന്നെ കൂടുതല്‍ ഇളവുകള്‍ വരുത്തിയിട്ടുള്ളതിനാല്‍ ഇതില്‍ മാറ്റം വന്നേക്കില്ല.
2022-23 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് കടലാസ് രഹിത രൂപത്തില്‍ അവതരിപ്പിക്കും. ഇത് അവരുടെ നാലാമത്തെ ബജറ്റ് പ്രഖ്യാപനമാണ്. 2021-22 ലെ യൂണിയന് ബജറ്റും കടലാസ് രഹിതമായിരുന്നു. പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ബജറ്റ് രേഖകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനായി ‘യൂണിയന് ബജറ്റ് മൊബൈല്‍ ആപ്പും’ മന്ത്രാലയം പുറത്തിറക്കി.


