കണ്ണൂര്‍: ബി.ജെ.പിയുടെ അയോധ്യാ മാതൃകയില്‍ ശബരി മലയില്‍ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. എന്നാല്‍ ശബരിമല സി.പി.എമ്മിന് ഏറ്റവും വലിയ നഷ്ടക്കച്ചവടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത്ലീഗ് യുവജനയാത്രക്ക് കണ്ണൂരില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്താനാണ് സി.പി.എം ശ്രമം. ഇത് വഴി ചുളുവില്‍ ന്യൂനപക്ഷങ്ങളെ സ്വാധീനിച്ച് സ്വന്തം വോട്ട് കൂട്ടാനാകുമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ ന്യൂനപക്ഷം ഈ കെണിയില്‍ വീഴുന്ന വിഡ്ഡികളല്ല. ആര്.എസ്.എസിനെ നേരിടുന്നത് തങ്ങളാണെന്ന് പറയുന്ന സി.പി.എം അവരുമായി രഹസ്യമായി കൈകോര്‍ക്കുകയാണ്. ഓഖിയും പ്രളയവും വന്നപ്പോള്‍ സര്‍ക്കാര്‍ നിശ്ചലമായിരുന്നു. ജനത്തിന് കഞ്ഞി കുമ്പിളില്‍ തന്നെ എന്നതാണ് സ്ഥിതി. ആരെയും അവിടെ കുറ്റിയടിച്ച് ഉറപ്പിച്ചിട്ടില്ല എന്ന് സി.പി.എം ഓര്‍ക്കുന്നത് നന്ന്. ഇത്തരം തലതിരിഞ്ഞ നിലപാടുകളാണ് ബംഗാളില്‍ നിന്ന് സി.പി.എമ്മിനെ തൂത്തെറിഞ്ഞത്. ഇന്ന് അവിടെ അഞ്ചാം സ്ഥാനത്തുപോലും അവരില്ല. വാചക കസര്‍ത്തുകൊണ്ട് യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കില്ലെന്ന് മോദിയും പിണറായിയും തിരിച്ചറിയണം.
ജനദ്രോഹത്തില്‍ മത്സരിക്കുന്ന ഇരു ഭരണകൂടങ്ങളുടെയും നാളുകള്‍ എണ്ണപ്പെട്ടെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. കെ.എം.ഷാജിയെ നിയമസഭയില്‍ നിന്നും പുറത്താക്കാന്‍ ആവേശം കാണിച്ച നിയമസഭാ സെക്രട്ടറിക്ക് ഇന്ന് പരവതാനി വിരിക്കേണ്ടി വന്നെന്നും അദ്ദേഹം പരിഹസിച്ചു. ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് പി.കുഞ്ഞിമുഹ്മമദ് അദ്ധ്യക്ഷത വഹിച്ചു.