മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ ചൊല്ലി നിയമസഭയില്‍ തര്‍ക്കം. ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ കോടതിയില്‍ തിരിച്ചടിയായി. രേഖകള്‍ സമയത്ത് സമര്‍പ്പിച്ചെന്ന സര്‍ക്കാര്‍ വാദം തെളിയിക്കാന്‍ ചെന്നിത്തല വെല്ലുവിളിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആശങ്ക പരത്തരുതെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് മന്ത്രി പി രാജീവ് മറുപടി നല്കി.
സംസ്ഥാന താല്പര്യം സംരക്ഷിക്കുന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. നിയമ നിര്‍മാണ ചര്‍ച്ചക്കിടെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷം ആവര്‍ത്തിച്ച് സര്‍ക്കാരിനെ വിമര്‍ശിച്ചത്. സുപ്രിംകോടതിയില്‍ കൃത്യമായി കേസ് നടത്തിയില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തിരിച്ചടിയായി എന്നും പ്രതിപക്ഷം പറഞ്ഞു.
142 അടി എന്ന പഴയ ഉത്തരവില്‍ നിന്ന് 139 അടിയെന്ന അഭിപ്രായത്തിലേക്ക് സുപ്രീം കോടതി എത്തിയത് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട് കൊണ്ടാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 136 അടിയെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രാഷ്ട്രീയ പരിഹാരം കാണുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കെ. ബാബുവും ആരോപിച്ചു.
അതേസമയം, പ്രതിപക്ഷ നേതാവിനെതിരായ പിവി അന്‍വറിന്റെ വിവാദ ആരോപണവും വിഡി സതീശന്റെ മറുപടിയും സഭാ രേഖകളില്‍ നിന്ന് നീക്കി. മുന്‍കൂര്‍ അനുമതി വാങ്ങാതെ ഉന്നയിച്ച അഴിമതി ആക്ഷേപം ചട്ടവിരുദ്ധമാണെന്ന് സ്പീക്കറുടെ റൂളിങ്. അന്‍വറിന്റെ പരാമര്‍ശം രേഖയില്‍ നിന്ന് നീക്കിയതിനാല്‍ പ്രതിപക്ഷ നേതാവിന്റെ വിശദീകരണവും രേഖയിലുണ്ടാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.


