ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി കേസുകളുടെ കടന്നല്കൂട്ടത്തിന് കല്ലെറിഞ്ഞതു മാതിരിയായിരിക്കുകയാന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശിയ സെക്രട്ടറി ജി.ദേവരാജന്‍ പറഞ്ഞു.. വിശ്വാസത്തിന്റെ ആഴവും പരപ്പും അളക്കുന്നത് കേവലം നിയമങ്ങള്‍ കൊണ്ടാവരുത്. നിയമപുസ്തകത്തിന്റെ ഉരകല്ലില്‍ ഉരച്ചല്ല വിശ്വാസം അളക്കേണ്ടത്. നിയമത്തിനു വേണ്ടിയല്ല മനുഷ്യര്‍, മനുഷ്യര്‍ക്ക് വേണ്ടിയാണ് നിയമങ്ങള്‍. കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന ആചാര അനുഷ്ഠാനങ്ങള്‍ മാറ്റി മറിക്കണമെന്ന് പറയുമ്പോള്‍ അത് പൊതു സമൂഹത്തിലെ ഭൂരിപക്ഷത്തിന് ബോധ്യപ്പെടുകയും വേണം. സുപ്രീം കോടതിയുടെ ഈ വിധി വിശ്വാസവുമായി ബന്ധപ്പെട്ട ഒട്ടനവധി കേസുകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശന നിഷേധമില്ല. അയ്യപ്പനെ ആരാധിക്കുന്നതിന് സ്ത്രീകളെ പ്രായഭേദമന്യേ ആരും വിലക്കിയിട്ടുമില്ല. കേരളത്തില്‍ മാത്രമല്ല ഇന്ത്യക്കകത്തും പുറത്തുമായി നൂറു കണക്കിന് അയ്യപ്പ ക്ഷേത്രങ്ങള്‍ ഉണ്ട്. അവിടെയൊന്നും യാതൊരു തരത്തിലുമുള്ള വിലക്കുകള്‍ നിലവിലില്ല. ശബരിമലയില്‍ പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് വിലക്കുള്ളത്. അതിനു അവിടുത്തെ പ്രതിഷ്ഠയുടെ പ്രത്യേകതയും അതുമായി ബന്ധപ്പെട്ട വിശ്വാസവുമാണ് കാരണം. ചുരുങ്ങിയ സമയത്ത് കൂടുതല്‍ ഭക്ത ര്‍ എത്തുന്ന ക്ഷേത്രമാണ് ശബരിമല. മലയുടെ മുകളില്‍ കൂടുത ല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടുള്ളതും ക്ഷേത്ര ദര്‍ശനത്തിന് വിശ്വാസവുമായി ബന്ധപ്പെട്ട് പതിനെട്ടാംപടി ചവിട്ടണമെന്നുള്ളതും മണ്ഡലകാലത്തെ കാലാവസ്ഥയും ഭൂപ്രകൃതിയുമൊക്കെ ഈ വിശ്വാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്നും നമ്മള് തിരിച്ചറിയണം.
കേരള സര്‍ക്കാരിന്റെ കരണം മറിച്ചില്‍ ഇക്കാര്യത്തില്‍ കോടതിയെ സ്വാധീനിച്ചിട്ടുണ്ട് എന്നുവേണം മനസ്സിലാക്കുവാന്‍. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ടുള്ള നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും അതേ നിലപാടായിരുന്നു. എന്നാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേതൃത്വം നല്കുന്ന ഇപ്പോഴത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ നിലപാട് മാറ്റുകയും ദേവസ്വംബോര്‍ഡ് പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഈ വ്യത്യസ്ത നിലപാടുകള്‍ കോടതിയില്‍ വിശാസികള്‍ക്ക് എതിരാവുകയായിരുന്നു.
വര്‍ഗ്ഗീയ ശക്തികള്‍ ഈ വിധിയെ ആയുധമാക്കാന്‍ അനുവദിക്കരുത്. അതിനു വേണ്ടുന്ന ജാഗ്രത പൊതു സമൂഹത്തിന് ഉണ്ടാവണം. ആഴത്തില്‍ വേരോടിയ ദോഷകരമല്ലാത്ത വിശ്വാസങ്ങളും ഒരു നാടിന്റെ സംസ്കാരത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ആ സംസ്കാരം മത വിശ്വാസങ്ങള്‍ക്ക് അതീതമാണ്. അതിനെ തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും എതിര്‍ത്ത് തോല്‍പ്പിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. സാമൂഹ്യ മനസ്സിനും ശരീരത്തിനും ദോഷകരമായി മാറുന്ന ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. അങ്ങനെ എതിര്‍ത്ത് തോല്‍പ്പിച്ച ചരിത്രവും നമുക്കുണ്ട്. നാട് കൂടുതല്‍ ജാഗ്രത ആവശ്യപ്പെടുന്ന ആസുരകാലത്തിലൂടെയാണ് കടന്നുപോകുന്നത് എന്നും നമ്മള് തിരിച്ചറിയണമെന്നും ദേവരാജന്‍ പറഞ്ഞു..


