കരുവന്നൂര്‍ ബാങ്ക് നിക്ഷേപകര്‍ക്ക് പണം തിരികെ നല്കുന്നതില് വേഗതക്കുറവെന്ന് സിപിഐ. പണം തിരിച്ചു നല്കുന്ന നടപടി വേഗത്തിലാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വല്‍സരാജ് ആവശ്യപ്പെട്ടു. നിക്ഷേപകര്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. ഇത് പരിഹരിക്കാനുള്ള ഇടപെടല്‍ വേണം. ഈ വിഷയം വച്ച് സഹകരണ പ്രസ്ഥാനത്തെ ആകെ തകര്‍ക്കുന്ന നടപടി ശരിയല്ലെന്നും വല്‍സരാജ് വ്യക്തമാക്കി.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ വ്യക്തത വേണം. ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം വന്നിട്ടും പ്രഖ്യാപനങ്ങള്‍ മാത്രം. നിക്ഷേപകരുടെ പണം തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളില്‍ വ്യക്തത വേണം. വിവിധ ആവശ്യങ്ങള്‍ക്ക് നിക്ഷേപകര്‍ക്ക് പണം ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തണം. നിക്ഷേപകര്‍ക്ക് അലയേണ്ടുന്ന അവസ്ഥ ഉണ്ടാകരുതെന്നും സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ കരുവന്നൂര്‍ സഹകരണ ബാങ്ക് പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന് പറഞ്ഞു. കേരള ബാങ്ക് 25 കോടി രൂപ അനുവദിക്കും. നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്കാന് നടപടി സ്വീകരിക്കും. കണ്‍സോര്‍ഷ്യം ഇനി നടക്കില്ല. ആര്‍ബി ഐ തടസം നിന്നു. ചികിത്സാ പണം നല്‍കാത്തത് ഒറ്റപ്പെട്ട സംഭവമാണ്. പരിശോധിച്ച് നടപടി സ്വീകരിക്കും. നിക്ഷേപര്‍ക്ക് ആശങ്ക വേണ്ടെന്നും പൂര്‍ണ്ണ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി വി വാസവന് പറഞ്ഞു.


